മംഗലംഡാം: ആദ്യപകുതിയിൽ അർജന്റീനയുടെ ഗോളടിയും രണ്ടാംപകുതിയിൽ ഫ്രാൻസിന്റെ തിരിച്ചടിയും.ഒടുവിൽ ‘കപ്പ’ടിച്ച അർജന്റീനയ്ക്കൊപ്പം ആവേശത്തിന്റെ ആഘോഷക്കടൽ തീർത്ത് മംഗലംഡാമിലെ ഫുട്ബോൾ ആരാധകർ. പടക്കം പൊട്ടിച്ചും വർണങ്ങൾ വാരിവിതറിയും കല്ലാനക്കരയെ ഉത്സവപ്പറമ്പാക്കിയാണ് അർജന്റീനയുടെ വിജയത്തെ ആരാധകർ വരവേറ്റത്.ആകാംക്ഷയ്ക്കൊടുവിൽ 27-ാം മിനിട്ടിൽ അർജന്റീനയുടെ ആദ്യഗോൾ, തൊട്ടുപിന്നാലെ ആർത്തിരമ്പുന്ന കടൽത്തിരപോലെ ഒരു വിളിമാത്രം, മെസ്സി മെസ്സി…. പിന്നീടങ്ങോട്ട് മംഗലംഡാമിലെയും പരിസരപ്രദേശങ്ങളിലെയും ഫുട്‌ബോൾ ആരാധകർക്ക് ഉറക്കമില്ലാത്ത രാത്രിയുടെ തുടക്കമായിരുന്നു.

ഇത്തവണ കപ്പ് ഉറപ്പാണെന്ന് അർജന്റീന ഫാൻസുകാരായ ഉണ്ണിക്കൃഷ്ണനും ഉമ്മറും പറഞ്ഞവസാനിക്കും മുമ്പെ രണ്ടാമത്തെ ഗോളും വീണു. ഇതോടെ തൊട്ടടുത്തുണ്ടായിരുന്ന ഷമിലും ജോൺസണും സിനിമാതാരം വിയാൻ മംഗലശ്ശേരിയുമൊക്കെ ആട്ടവും പാട്ടും തുടങ്ങി.ആഘോഷത്തിന് വിശ്രമംനൽകി രണ്ടാംപകുതിയിൽ ഫ്രാൻസിന്റെ എംബാപ്പെ തിരിച്ചടിച്ചതോടെ ഷർട്ടഴിച്ച് ആകാശത്തേക്കുയർത്തി ഫ്രാൻസ് ആരാധകരും ആഘോഷം തുടങ്ങി. വീട്ടിലേക്കു മടങ്ങിയ ബ്രസീൽ ആരാധകനായ (ഇപ്പോൾ) ഫ്രാൻസ് ആരാധകനുമായ മനോജും തിരിച്ചെത്തി ഏത് ടീം ആണ് കളിക്കുന്നത് എന്നറിയാതെ എംബാപ്പെ എന്ന പേര് മാത്രം അറിയുന്ന ഉബൈദും സ്‌ക്രീനിനുമുന്നിൽ നിലയുറപ്പിച്ചു.ബിഗ് സ്‌ക്രീനുകളുടെ പരിസരമെല്ലാം ഫുട്ബോൾ പ്രേമികളാൽ തിങ്ങിനിറഞ്ഞിരുന്നു.അധികസമയവും കഴിഞ്ഞ് ഒടുവിൽ ഷൂട്ടൗട്ടിലേക്ക് നീങ്ങിയതോടെ ആരാധകരുടെ ഹൃദയമിടിപ്പ് വാനോളമെത്തി. ഒടുവിൽ അർജന്റീന വിജയം ഉറപ്പിച്ചതോടെ ആകാശത്ത് വർണക്കടൽ തീർത്താണ് ആരാധകർ ആഘോഷം തുടങ്ങിയത്.
Similar News
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.