രജിസ്ട്രേഷൻ നമ്പർ മറച്ചുവെച്ച് വാഹനങ്ങളുടെ ചീറിപ്പാച്ചിൽ.

നെന്മാറ: തമിഴ്നാട്ടിൽ നിന്ന് വരുന്ന വാഹനങ്ങളിൽ രജിസ്ട്രേഷൻ നമ്പർ പ്ലേറ്റുകൾ മറക്കുന്ന രീതിയിൽ ഗ്രില്ലുകൾ സ്ഥാപിച്ച വാഹനങ്ങൾ ഗോവിന്ദാപുരം മംഗലം അന്തർ സംസ്ഥാന റോഡിൽ ചീറിപ്പായുന്നു . അപകടം ഉണ്ടാക്കുകയോ മറ്റോ ചെയ്താൽ പോലും ഇത്തരം വാഹനങ്ങളെ തിരിച്ചറിയുന്നതിന് ഏറെ ബുദ്ധിമുട്ടുന്നു. ഇത്തരം വാഹനങ്ങളിൽ പിൻവശത്തെ നമ്പർ മറയുന്നതിനാൽ വാഹനത്തിന്റെ പിൻവശത്ത് ബോഡിയിലായി അപൂർവമായി ചില വാഹനങ്ങളിൽ നമ്പർ എഴുതി കാണാറുണ്ട്. വാണിജ്യ വാഹനങ്ങളുടെ നാല് വശത്തും നിശ്ചിത വലിപ്പത്തിൽ നമ്പർ വ്യക്തമാകുന്ന രീതിയിൽ എഴുതണമെന്ന് ചട്ടം അനുശാസിക്കുന്നുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല.

വാഹനങ്ങളിൽ അമിതഭാരം കയറ്റിയും അപകടകരമായ രീതിയിൽ ഓടിക്കുന്ന വാഹനങ്ങളെയും അപകടങ്ങൾ ഉണ്ടാക്കി നിർത്താതെ പോകുന്ന വാഹനങ്ങളെയും ഇതുമൂലം റോഡരികിൽ നിൽക്കുന്നവർക്കൊ, സി.സി.ടി.വി. ക്യാമറകളിലോ നമ്പർ കാണാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. കഴിഞ്ഞദിവസം വിത്തനശ്ശേരിയിൽ അപകടകരമാംവിധം വാഹനം ഓടിച്ച് എതിരെ വന്ന വാഹനത്തിൽ ഇടിക്കുന്ന സ്ഥിതി ഉണ്ടായതിനെ തുടർന്ന് വെട്ടിച്ച കാർ സമീപത്തെ വൈദ്യുതൂണിലും സ്കൂട്ടറിലും ഇടിച്ച് അപകടം ഉണ്ടാവുകയും അപകടത്തിന് കാരണക്കാരായ വാഹനത്തെ കണ്ടെത്താൻ കഴിയാത്തസ്ഥിതിയും ഉണ്ടായി. കേരളത്തിൽ നിന്നുള്ള വാഹനങ്ങളിൽ മോട്ടോർ വാഹന വകുപ്പ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുമ്പോൾ തന്നെ കർശനമായി നമ്പറുകൾ എഴുതിയതിനു ശേഷമാണ് നിരത്തിലിറക്കാൻ അനുവദിക്കുന്നത്. എന്നാൽ തമിഴ്നാട്ടിലെയും ചില കേരളത്തിലെ വാഹനങ്ങളിലും രജിസ്ട്രേഷൻ നമ്പർ കിട്ടിയശേഷം വാഹന ബോഡിയിൽ പരിഷ്കാരം നടത്തി നമ്പർ മറച്ച് ഓടിക്കുന്ന പ്രവണത കൂടുതലായി വരുന്നു. അമിതവേഗത്തിൽ ഓടിച്ചും ഇരുചക്രവാഹനക്കാരെ മറികടക്കുമ്പോൾ അപകടങ്ങൾ ഉണ്ടാക്കുന്ന ഇത്തരം വാഹനങ്ങളെ നമ്പർ വ്യക്തമാവാത്തതിനാൽ തിരിച്ചറിയാൻ കഴിയാത്തത് ഏറെ സാങ്കേതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി ഇരുചക്രവാഹനയാത്രക്കാർ പരാതിപ്പെടുന്നു. ഇത്തരം വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ്, പോലീസ് എന്നീ വകുപ്പുകൾ നടപടി സ്വീകരിക്കാത്തതും ഇത്തരം വാഹനങ്ങൾക്ക് ഏറെ സഹായകരമാക്കുന്നു.