ഇടവേളക്കുശേഷം മിനി പമ്പ ഉണര്‍ന്നു; മംഗലം പാലത്ത് ശബരിമല തീര്‍ഥാടകരുടെ തിരക്ക്.

വടക്കഞ്ചേരി: രണ്ട് മൂന്ന് വര്‍ഷത്തെ ഇടവേളക്കുശേഷം മിനി പമ്പ എന്നറിയപ്പെടുന്ന മംഗലംപാലത്ത് ശബരിമല തീര്‍ഥാടകരുടെ തിരക്കായി.അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഇവിടെ എത്തുന്നത്. അയ്യപ്പ ഭക്തരുടെ വരവ് വര്‍ധിച്ചതോടെ മംഗലം പാലത്തെ വ്യാപാരികളും വലിയ പ്രതീക്ഷയിലാണ്. കോവിഡ് വ്യാപനം, ശബരിമലയിലെ സ്ത്രീ പ്രവേശന പ്രശ്നം എന്നിവയെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും വര്‍ഷമായി തീര്‍ഥാടകര്‍ എത്തിയിരുന്നില്ല. ഇത് മേഖലയിലെ ചിപ്സ് വ്യാപാരത്തെ ഏറെ ദോഷകരമായി ബാധിച്ചിരുന്നു. മംഗലം പാലത്തെ ചിപ്സ് കടകളില്‍ ഒരു ദിവസം തന്നെ വലിയ തോതിലുള്ള നേന്ത്രക്കായ ചിപ്സ് വില്പ്പന നടക്കുന്നുണ്ടെന്നാണ് കണക്ക്.

നിറയെ യാത്രക്കാരുമായി ഒരു ബസ് കടക്ക് മുന്നില്‍ നിര്‍ത്തിയാല്‍ 300 കിലോ മുതല്‍ 400 കിലോ വരെ ചിപ്സ് വാങ്ങുമെന്ന് മംഗലത്തെ ചിപ്സ് കടക്കാന്‍ പറയുന്നു. തീര്‍ഥാടനം കഴിഞ്ഞ് അയ്യപ്പഭക്തര്‍ നാട്ടിലെത്തിയാല്‍ അയല്‍വാസികള്‍ക്കും സുഹൃത്തുക്കള്‍ക്കു മെല്ലാം വിതരണം ചെയുന്നത് ഇവിടുത്തെ ചിപ്സ് പാക്കറ്റുകളാണ്. ഇതിനാല്‍ ഒരാള്‍ തന്നെ നാല്പ്പതും അന്പതും കിലോ ചിപ്സ് വാങ്ങും. കായ വിലകൂടിയത് ചിപ്സ് വിലയിലും വര്‍ധന ഉണ്ടാക്കിയിട്ടുണ്ട്. ഓയിലില്‍ വറുത്തെടുക്കുന്ന ചിപ്സിന് വില കുറവും വെളിച്ചെണ്ണയില്‍ വറുത്തതിന് വില കൂടുതലുമുണ്ട്.

ഹലുവ, ഈന്തപഴം, കുരുമുളക്, ജീരകം തുടങ്ങിയവക്കും നല്ല ഡിമാന്‍ഡാണ്. കുരുമുളക്, ജീരകം, കടുക്, ഉലുവ, പെരുംജീരകം എന്നീ അഞ്ച് ഇനങ്ങള്‍ ഓരോ കിലോ വീതമുള്ള കിറ്റുകളും വില്പനക്കുണ്ട്.

മംഗലം പാലത്തെ സിഗ്നല്‍ ജംഗ്ഷന്‍ അടച്ചതോടെ മംഗലംപാലം നെന്മാറ റോഡ് ജംഗ്ഷനില്‍ തീര്‍ഥാടകര്‍ക്ക് എത്താന്‍ കഴിയാത്ത സ്ഥിതിയുണ്ട്. അണ്ടര്‍ പാസ് വഴിയും റോയല്‍ ജംഗ്ഷനില്‍ നിന്നും ചെറുപുഷ്പം സ്കൂള്‍ വഴിക്കുമാണ് തീര്‍ഥാടകരുടെ വാഹനങ്ങള്‍ പലതും ഇവിടെ എത്തുന്നത്. ഇതു മൂലം മറുഭാഗത്ത് ദേശീയ പാതയോരങ്ങളിലെ കടകളിലാണ് തിരക്ക് ഏറെ കൂടുതല്‍. എന്തായാലും സീസണില്‍ കോടികളുടെ ചിപ്സ് കച്ചവടമാണ് നടക്കുന്നത്. പന്നിയങ്കര ടോള്‍പ്ലാസക്കു സമീപവും ഇപ്പോള്‍ നിരവധി ചിപ്സ് കടകളുണ്ട്.