പാര്‍ക്കിംഗ് കേന്ദ്രങ്ങളില്ലാത്തതു കാരണം വാഹനങ്ങള്‍ നിറുത്തുന്നത് ആറുവരിപ്പാതയിൽ.

വടക്കഞ്ചേരി : അനധികൃത പാര്‍ക്കിംഗ് വര്‍ദ്ധിച്ചതോടെ വടക്കഞ്ചേരി – മണ്ണുത്തി ആറുവരിപ്പാതയില്‍ രാത്രിയാത്ര അപകട ഭീതിയില്‍.
രാത്രിയാകുന്നതോടെ ടോള്‍ കേന്ദ്രത്തിന് സമീപം റോഡില്‍ വാഹനങ്ങള്‍ നിറുത്തന്നതാണ് ഇതിന് കാരണം. ഇതോടെ ആറുവരിപ്പാതയില്‍ ഗതാഗത തടസങ്ങളും അപകടങ്ങളും പതിവായിരിക്കുകയാണ്.

കഴിഞ്ഞ ആറുമാസത്തിനിടെ നിറുത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ മറ്റു വാഹനങ്ങളിടിച്ച്‌ നാല് അപകടങ്ങള്‍ നടന്നു. രണ്ടുപേര്‍ മരിച്ചു.
ആറുവരിപ്പാത നിര്‍മ്മാണക്കരാര്‍ പ്രകാരം വടക്കഞ്ചേരിക്കും മണ്ണുത്തിക്കുമിടയില്‍ ലോറികള്‍ക്കും ട്രക്കുകള്‍ക്കുമായി മൂന്ന് പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ നിര്‍മ്മിക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും ഒന്നുപോലും നിര്‍മ്മിച്ചിട്ടില്ല. സ്ഥലമില്ലാത്തതിനെ തുടര്‍ന്നാണ് പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാത്തതെന്നാണ് ദേശീയപാത അതോറിറ്റിയുടെ വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി.