January 15, 2026

മമ്പാട് പുഴ പാലം പുതുക്കിപ്പണിയുന്ന പ്രവൃത്തി ദ്രുതഗതിയിൽ

വടക്കഞ്ചേരി: കിഴക്കഞ്ചേരി മമ്പാട് പുഴ പാലം പുതുക്കിപ്പണിയുന്ന പ്രവൃത്തി ദ്രുതഗതിയിൽ. വീതിയും ഉയരവും കുറവുള്ള നിലവിലെ പാലം പൂർണമായി പൊളിച്ച് ഉയരം കൂട്ടി 11 മീറ്റർ വീതിയിലാണ് പുതിയ പാലം നിർമിക്കുന്നത്.പാലം നാല് മീറ്റർ ഉയർത്തി പണിയുമെന്ന് എൻജിനീയർ നജീബ് പറഞ്ഞു.കിഫ്ബിയിൽനിന്ന് ആറര കോടിയാണ് പദ്ധതിക്കായി അനുവദിച്ചത്. മേയ് 10ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത നിർമാണം കാലവർഷം കനത്തതോടെ നീളുകയായിരുന്നു. 18 മാസമാണ് നിർമാണ കാലാവധിയെങ്കിലും ഒരു വർഷം കൊണ്ട് തന്നെ പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് കരാർ കമ്പനി അധികൃതർ പറഞ്ഞു.മലപ്പുറം കേന്ദ്രീകരിച്ച എ.ബി.എം ഫോർ കൺസ്ട്രക്ഷൻ കമ്പനിയാണ് കരാറെടുത്തത്. നേരത്തെ മഴക്കാലമാകുമ്പോൾ പാലം മുങ്ങി കിഴക്കഞ്ചേരി – രണ്ട് വില്ലേജിലെ പുന്നപ്പാടം, തച്ചക്കോട്, ഇളവംപാടം, കണിയമംഗലം പ്രദേശത്തുള്ളവർ പല ദിവസങ്ങളിലും ഒറ്റപ്പെടുന്നത് പതിവായിരുന്നു.