വടക്കഞ്ചേരി: പന്നിയങ്കര ടോൾ കേന്ദ്രത്തിൽ പ്രദേശവാസികളുടെ വാഹനങ്ങൾക്ക് ജനുവരി ഒന്നുമുതൽ ടോൾ ഈടാക്കുമെന്ന് കമ്പനി അറിയിച്ചു. പ്രദേശവാസികളിൽനിന്ന് ടോൾപിരിവ് തുടങ്ങിയാൽ തടയുമെന്ന് വടക്കഞ്ചേരി ജനകീയവേദി പ്രതിനിധികളും വിവിധ രാഷ്ടീയസംഘടന പ്രതിനിധികളും പറഞ്ഞു. വ്യാഴാഴ്ച പി.പി. സുമോദ് എം.എൽ.എ.യുടെ അധ്യക്ഷതയിൽ നടന്ന ചർച്ചയിലാണ് കമ്പനിയും ജനകീയവേദിയും നിലപാട് അറിയിച്ചത്.
വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിലെ പന്നിയങ്കരയിൽ മാർച്ചിൽ ടോൾ തുടങ്ങിയപ്പോൾ പ്രദേശവാസികളുടെ വാഹനങ്ങൾക്ക് താത്കാലികമായി സൗജന്യം അനുവദിച്ചിരുന്നു. ഇത് തുടരാനാകില്ലെന്നും പ്രദേശവാസികൾക്കുള്ള ആനുകൂല്യമായ 315 രൂപ അടച്ച് മാസപ്പാസെടുക്കണമെന്നും ടോൾ കമ്പനി അധികൃതർ യോഗത്തിൽ പറഞ്ഞു. മാസപ്പാസെടുത്താൽ ഒരുമാസം എത്രതവണ വേണമെങ്കിലും പോകാം. സ്വകാര്യ വാഹനങ്ങൾക്കുമാത്രമാണ് ആനുകൂല്യം. സ്‌കൂൾ ബസുകളുൾപ്പടെയുള്ള ടാക്‌സി വാഹനങ്ങൾ സാധാരണനിരക്ക് നൽകണം.ഇത് അധികഭാരമാകുമെന്നും പ്രദേശവാസികൾക്ക് സൗജന്യം തുടരണമെന്നും പി.പി. സുമോദ് എം.എൽ.എ.യും ആവശ്യപ്പെട്ടെങ്കിലും നടപ്പാക്കാൻ കഴിയില്ലെന്നായിരുന്നു കമ്പനി അധികൃതരുടെ മറുപടി. കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി 26-നുള്ളിൽ മറുപടി നൽകാൻ എം.എൽ.എ. കമ്പനി പ്രതിനിധികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Similar News
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്‌സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.