കിഴക്കഞ്ചേരി: പന്നിയങ്കര ശോഭ അക്കാദമിയിലെ പത്താംക്ലാസ് വിദ്യാർഥി ശ്യാമിപ്പോൾ നാട്ടിലെ സൂപ്പർസ്റ്റാറാണ്. മൂലങ്കോട് ഇടുക്കാവ് കുളത്തിൽ മുങ്ങിത്താഴുകയായിരുന്ന ജയപ്രകാശനെ സാഹസികമായി രക്ഷിച്ച ശ്യാമിന് അഭിനന്ദനപ്രവാഹമാണ്. ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെ കാളത്തോട്ടത്ത് സ്‌കൂൾ ബസിറങ്ങി വീട്ടിലേക്ക് നടന്നുവരുമ്പോഴാണ് കുളത്തിൽ മുങ്ങിത്താഴുന്ന ജയപ്രകാശനെ കണ്ടത്. കുളിക്കുന്നതിനിടെ ആഴമുള്ള ഭാഗത്ത് പെടുകയായിരുന്നു. സഹായത്തിനായി സമീപത്താരെങ്കിലും ഉണ്ടോ എന്ന് നോക്കിയെങ്കിലും കാണാതെവന്നപ്പോൾ ശ്യാം കുളത്തിലേക്കിറങ്ങി. നീന്തലറിയാമെന്ന ആത്മവിശ്വാസമായിരുന്നു കരുത്ത്. കഴുത്തൊപ്പം വെള്ളത്തിൽനിന്ന് ജയപ്രകാശനെ പിടിക്കാൻ ശ്രമിച്ചെങ്കിലും പറ്റിയില്ല. ഒടുവിൽ കൈയിലുണ്ടായിരുന്ന ബാഗ് ഇട്ടുകൊടുത്തു. ഇതിൽ ജയപ്രകാശന് പിടിത്തം കിട്ടി. തുടർന്ന്, വലിച്ച് കരക്കെത്തിക്കയായിരുന്നു. പുസ്തകങ്ങളൊക്കെ നനഞ്ഞെങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാനായതിന്റെ സന്തോഷത്തിലാണ് ശ്യാം. സംഭവമറിഞ്ഞതോടെ അധ്യാപകർ ശ്യാമിനെ വീട്ടിലെത്തി അഭിനന്ദിച്ചു. സാമൂഹികമാധ്യമംവഴിയും അഭിനന്ദങ്ങൾ നിറയുകയാണ്. എരുക്കുംചിറ അയ്യപ്പൻപരുത ബാലകൃഷ്ണന്റെയും സരിതയുടെയും മകനാണ് ശ്യാം.
മൂലങ്കോട് കുളത്തിൽ മുങ്ങിത്താഴുകയായിരുന്ന മധ്യവയസ്കനെ സാഹസികമായി രക്ഷിച്ച് പത്താംക്ലാസ് വിദ്യാർഥി.

Similar News
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.