അട്ടപ്പാടി ഊരില്‍ നിന്ന് അഭിഭാഷകയാവാന്‍ ഗോത്രവിഭാഗം വിദ്യാര്‍ഥിനി വിനോദിനി.

പാലക്കാട്: അട്ടപ്പാടി ഊരില്‍നിന്ന് അഭിഭാഷകയാവാന്‍ ഗോത്രവിഭാഗം വിദ്യാര്‍ഥിനി വിനോദിനി. നിയമ കോളജുകളിലേക്കുള്ള പ്രവേശന പരീക്ഷയില്‍ ഉയര്‍ന്നവിജയം നേടിയ വിനോദിനി തിരുവനന്തപുരം ഗവ. ലോ കോളജിലാണ് നിയമബിരുദ പഠനത്തിന് ചേരുന്നത്. അട്ടപ്പാടി ചാവടിയൂര്‍ മേലെ മുള്ളി വീട്ടില്‍ വിധിയന്റെയും നഞ്ചിയുടെയും മകളാണ്.

കേരള കേന്ദ്ര സര്‍വകലാശാലയുടെ തിരുവല്ലയിലുള്ള നിയമപഠന കേന്ദ്രം, ജില്ല ലീഗല്‍ സര്‍വിസ് അതോറിറ്റി, പട്ടിക വര്‍ഗ വകുപ്പ് എന്നിവരുടെ നേത്വത്തിലാണ് പ്രവേശന പരീക്ഷയായ ക്ലാറ്റ് 2022 (കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ്) നേരിടാന്‍ പരിശീലനം നല്‍കിയത്. പാലക്കാട് ജില്ലയിലെ വിവിധ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കായി അട്ടപ്പാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് ക്ലാസ് നടന്നത്.

സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് ഡീന്‍ ഡോ. ജയശങ്കര്‍, നിയമ പഠന വിഭാഗം മേധാവി ഡോ. ജെ. ഗിരീഷ് കുമാര്‍, അഭിഭാഷകരും നിയമ ഗവേഷകരുമായ വിശ്രുത് രവീന്ദ്രന്‍, അമൃത റഹിം, ശ്രീദേവി, നിയമപഠന വിഭാഗം വിദ്യാര്‍ഥികള്‍ എന്നിവരാണ് സ്‌കൂളില്‍ താമസിച്ച്‌ പരിശീലനത്തിന് നേതൃത്വം നല്‍കിയത്. മുന്‍ വര്‍ഷങ്ങളില്‍ സര്‍വകലാശാലയുടെ നേതൃത്വത്തില്‍ നല്‍കിയ പരിശീലനത്തിന്റെ ഫലമായി വയനാട് ജില്ലയിലെ ഗോത്ര വിഭാഗത്തിലെ അഞ്ച് വിദ്യാര്‍ഥികള്‍ നിയമപഠനത്തിനു പ്രവേശനം നേടിയിരുന്നു.