വടക്കഞ്ചേരി: ശങ്ക തീര്‍ക്കാന്‍ വഴിയില്ലാതെ വടക്കഞ്ചേരി ടൗണിലെത്തുന്ന നൂറുകണക്കിന് യാത്രക്കാര്‍ ദുരിതത്തിലാകുന്നു. ടൗണില്‍ ചെറുപുഷ്പം ജംഗ്ഷനില്‍ ടോയ്ലറ്റ് നിര്‍മാണം ഇഴയുന്നതിനു പിന്നാലെ ചേക്കുളത്തുണ്ടായിരുന്ന കംഫര്‍ട്ട് സ്റ്റേഷനും പൂട്ടിയതോടെയാണ് മലമൂത്ര വിസര്‍ജനത്തിന് വഴിയില്ലാതെ ജനങ്ങള്‍ കഷ്ടപ്പെടുന്നത്. പുരുഷന്മാര് എവിടെയെങ്കിലും മറവില്‍ പോയി കാര്യം സാധിക്കുന്നുണ്ടെങ്കിലും സ്ത്രീകളാണ് വലയുന്നത്. ടോയ്ലറ്റ് സൗകര്യങ്ങളുള്ള നല്ല ഹോട്ടലുകള്‍ പോലുമില്ലാത്ത വടക്കഞ്ചേരി ടൗണില്‍ വികസനപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാണെന്ന് പറയുന്നതല്ലാതെ ജനങ്ങള്‍ക്ക് അതിന്റെ ഗുണഫലങ്ങളൊന്നും ലഭ്യമാകുന്നില്ല.
സുനിത ജംഗ്ഷനില്‍ ചേക്കുളത്ത് വറ്റാത്ത കുളം മാലിന്യ നിക്ഷേപ കേന്ദ്രമാക്കിയാണ് പുഴയുടെ കരയില്‍ കംഫര്‍ട്ട് സ്റ്റേഷന് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇത് വേണ്ടവിധം വൃത്തിയായി കൊണ്ടുനടക്കാതെ പൂട്ടിയിടുകയായിരുന്നു. സെപ്റ്റിക് ടാങ്കുകളെല്ലാം നിറഞ്ഞ് കവിഞ്ഞ് പുറത്തേക്ക് തള്ളി കടുത്ത ദുര്‍ഗന്ധമാണ് പ്രദേശമാകെ. വാഹന പാര്‍ക്കിംഗിന്റെ ഫീസ് പിരിവ് മാത്രമാണ് ഇവിടെ നടക്കുന്നത്.
ചെറുപുഷ്പം ജംഗ്ഷനില്‍ 30 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച ഇ-ടോയ്ലറ്റുകള് ഉപയോഗിക്കാനാകാതെ പൊളിച്ചു നീക്കിയാണ് ഇപ്പോള്‍ സാധാരണ ടോയ്ലറ്റുകള് നിര്‍മിക്കുന്നത്. തൃശൂര്‍-പാലക്കാട് ദേശീയപാതയുടെ ഇടക്കുള്ള പ്രധാന ടൗണ്‍ എന്ന നിലയില്‍ യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ബന്ധപ്പെട്ട അധികൃതര്‍ വേണ്ടത്ര ഇടപെടലുകള്‍ നടത്തുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.

Similar News
വടക്കഞ്ചേരി ടൗണിലെ തെരുവുവിളക്കുകളുടെ സമയക്രമം പ്രശ്നമാകുന്നു
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.