കൊഴിഞ്ഞാമ്പാറ: ആറാംമൈലിലെ തോപ്പിൽനിന്ന് ഷാപ്പിലേക്ക് പോയ വാഹനത്തിൽ കള്ളിനൊപ്പം സ്പിരിറ്റും സ്പിരിറ്റ് കലർത്തിയ ലായനിയുമായി രണ്ടുപേർ പിടിയിൽ. വിളയോടി കാരികുളം സി. ബഷീർ (56), നല്ലേപ്പിള്ളി തെക്കേദേശം പാറക്കാൽ സി. പുഷ്പൻ (54) എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്. ബുധനാഴ്ച രാവിലെ ആറുമണിയോടെ ആറാംമൈലിൽവെച്ചാണ് പിടികൂടിയത്.
സി.പി.എം. പ്രവർത്തകനായ പുഷ്പന്റെ പേരിൽ കൊഴിഞ്ഞാമ്പാറ, കല്ലാണ്ടിച്ചള്ള, നാട്ടുകൽ, മലക്കാട്, ആറാംമൈൽ എന്നിവിടങ്ങളിലായി കള്ളുഷാപ്പുകളുണ്ടെന്ന് പറയുന്നു. ഈ ഷാപ്പുകളിലേക്കാണ് സ്പിരിറ്റും ലായനികളും കൊണ്ടുപോകുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ജാമ്യമില്ലാവകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ചിറ്റൂർ എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ വി. രജനീഷ്, എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോ ഇൻസ്പെക്ടർ എൻ. നൗഫൽ, പ്രിവന്റീവ് ഓഫീസർമാരായ വി. ബാബു, ആർ. വേണുകുമാർ, വി.ആർ. സുനിൽകുമാർ, സിവിൽ എക്‌സൈസ് ഓഫീസർ കെ. മധുസൂദനൻ എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്. അതേസമയം, പാർട്ടിയിൽ പ്രാഥമികാംഗത്വം മാത്രമാണ് പുഷ്പനുണ്ടായിരുന്നതെന്നും അടിയന്തര ബ്രാഞ്ച് കമ്മിറ്റി യോഗം ചേർന്ന് പാർട്ടിവിരുദ്ധപ്രവർത്തനത്തിന്റെ പേരിൽ പുഷ്പനെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായും നല്ലേപ്പിള്ളി (രണ്ട്) ലോക്കൽ സെക്രട്ടറി സി. ശിവൻ അറിയിച്ചു.
Similar News
വടക്കഞ്ചേരിയില്‍ വിഷു തിരക്ക് മുതലെടുത്ത് മോഷണം; വധുവിൻ്റെ വസ്ത്രങ്ങളങ്ങിയ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ.
കാരപൊറ്റ പട്ടികാളി അയ്യപ്പൻ കാവിൽ ക്ഷേത്രത്തിൽ മോഷണം.
പൊലീസിന് ആശ്വാസം, മൂന്ന് ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ മുത്തപ്പന്റെ വയറ്റില്‍ നിന്ന് തൊണ്ടിമുതല്‍ പുറത്തെത്തി.