മോഷണത്തിനിടെ കൊലപാതകം; രണ്ട് പേര്‍ അറസ്റ്റില്‍.

പാലക്കാട്: കൊടുമ്പ് ആറ്റിങ്ങല്‍ കൊലപാതക കേസില്‍ സ്ത്രീ ഉള്‍പ്പടെ രണ്ട് പേര്‍ അറസ്റ്റില്‍. ആറ്റിങ്ങല്‍ തിരുവാലത്തൂര്‍ പത്മാവതി(74)യാണ് കൊല്ലപ്പെട്ടത്. കിണാശ്ശേരി നെല്ലിക്കുന്ന് തോട്ടുപാലം ബഷീര്‍ (40), തത്തമംഗലം തുമ്പിച്ചിറ സത്യഭാമ(33) എന്നിവരാണ് അറസ്റ്റിലായത്. മാല മോഷണത്തിനിടയിലാണ് കൊലപാതകം നടന്നത്.

വീട് പണിക്കെത്തിയ തൊഴിലാളികളാണ് ഇരുവരും. കൊലപാതകം നടത്തിയതിനു ശേഷം ബഷീര്‍ തമിഴ്നാട്ടിലേക്ക് നാടുവിടുകയായിരുന്നു. അന്വേഷണത്തില്‍ തമിഴ്നാട് തുടില്ലൂരില്‍ നിന്ന് ബഷീറിനെ പിടികൂടി. കൊലപാതക ആസൂത്രണത്തില്‍ പങ്കാളിയും സഹായിയുമായ സത്യഭാമയെ സ്റ്റേഷനിലേക്ക് വിളിച്ച്‌ വരുത്തി ചോദ്യം ചെയ്തതിനു ശേഷമാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ശനിയാഴ്ചയായിരുന്നു സംഭവം. കെഎസ്‌ഇബി ഉദ്യോഗസ്ഥനായ മകന്റെ വീട്ടില്‍ നിന്നും വീടിനോട് ചേര്‍ന്ന പഴയ വീട്ടിലേക്ക് പോയതാണ് പത്മാവതി. രാത്രിയില്‍ മകന്‍ വിളിക്കാനെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ പാടും രണ്ടര പവന്‍റെ മാല കാണാതായതും സംശയത്തിനിടയാക്കി. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.