പന്നിയങ്കര ടോള്‍ പ്ലാസയില്‍ പ്രദേശവാസികളില്‍ നിന്ന് ടോള്‍ പിരിക്കില്ല.

വടക്കഞ്ചേരി: പന്നിയങ്കര ടോള്‍ പ്ലാസയില്‍ പ്രദേശവാസികളില്‍ നിന്ന് തത്കാലം ടോള്‍ പിരിക്കില്ല . ദേശീയപാത അതോറിറ്റി അധികൃതരുമായി നടത്തിയ പി.പി സുമോദ് എം.എല്‍.എ ചര്‍ച്ചയിലാണ് തീരുമാനം.
പ്രദേശവാസികളില്‍ നിന്ന് ടോള്‍ പിരിക്കാന്‍ കരാര്‍ കമ്പനി തീരുമാനിച്ച പശ്ചാത്തലത്തിലാണ് എം.എല്‍.എ യോഗം വിളിച്ചത്. ടോള്‍ പിരിവ് ആരംഭിച്ചാല്‍ സമരത്തിന് നേതൃത്വം നല്‍കുമെന്ന് എം.എല്‍.എ തന്നെ അറിയിച്ചതോടെയാണ് കരാര്‍ കമ്പനി ടോള്‍ പിരിവില്‍ നിന്ന് താല്‍ക്കാലികമായി പിന്‍മാറിയത്.

ഹെൽത്ത്‌ വിഷൻ മെഡിക്കൽ സെന്റർ മംഗലംഡാം

ജനുവരി ഒന്നു മുതല്‍ പ്രദേശവാസികളില്‍ നിന്നും ഇളവുകള്‍ നല്‍കി ടോള്‍ പിരിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. മാര്‍ച്ച്‌ 9നാണ് തൃശൂര്‍ – പാലക്കാട് ദേശീയപാതയിലെ പന്നിയങ്കരയിലെ ടോള്‍ പിരിവ് ആരംഭിച്ചത്. പ്രതിഷേധം കണക്കിലെടുത്ത് ടോള്‍ ബൂത്തിന് സമീപത്തുള്ള വണ്ടാഴി, കിഴക്കഞ്ചേരി, വടക്കഞ്ചേരി, പാണഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട് പഞ്ചായത്തിലെ സ്ഥിര താമസക്കാരെ ടോള്‍ നല്‍കുന്നതില്‍ നിന്നും ഒഴിവാക്കിയിരുന്നു. സൗജന്യ യാത്ര തുടരാന്‍ കഴിയില്ലെന്നായിരുന്നു ടോള്‍ കമ്പനിയുടെ നിലപാട്. ടോള്‍ പ്ലാസക്ക് 20 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിരതാമസക്കാര്‍ ആയവര്‍ക്ക് 30 ദിവസത്തേക്ക് 315 രൂപ നിരക്കില്‍ യാത്ര ചെയ്യാം. ബാക്കി ഉള്ളവര്‍ മുഴുവന്‍ തുകയും നല്‍കണമെന്നായിരുന്നു ടോള്‍ പ്ലാസ അധികൃതരുടെ നിലപാട്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ടോള്‍ ഈടാക്കുന്നത് പന്നിയങ്കരയിലാണ്. കാര്‍, ജീപ്പ് തുടങ്ങിയ ചെറുവാഹനങ്ങള്‍ ഒരു ഭാഗത്തേക്ക് കടന്നുപോകാന്‍ 105 രൂപ നല്‍കണം. നേരത്തെ പ്രദേശവാസികള്‍ നടത്തിയ സമരത്തില്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ പങ്കെടുത്തിരുന്നു.