ആത്മഹത്യ ചെയ്യാന്‍ തിരുവനന്തപുരത്ത് കടലില്‍ ചാടിയെന്ന് കരുതിയ പോലീസ് ഉദ്യോഗസ്ഥനെ പാലക്കാട് നിന്നും കണ്ടെത്തി.

പാലക്കാട്‌: ആത്മഹത്യ ചെയ്യാനായി കടലില്‍ ചാടിയെന്ന് കരുതിയ പോലീസുകാരനെ പാലക്കാട് നിന്നും കണ്ടെത്തി. നെല്ലിമൂട് സ്വദേശി ഗിരീഷിനെയാണ് കണ്ടെത്തിയത്. വ്യാജ ആത്മഹത്യാശ്രമമാണെന്നറിയാതെ ഹെലികോപ്റ്റര്‍ ഉള്‍പ്പെടെ ഉപയോഗിച്ചാണ് കടലില്‍ തിരച്ചില്‍ നടത്തിയത്.

വെള്ളിയാഴ്ചയായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വിജിലന്‍സ് പൂജപ്പുര യൂണിറ്റിലെ ഡ്രൈവറായ ഗിരീഷിന് കുടുംബ പ്രശ്‌നങ്ങളും സാമ്ബത്തിക പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. ഉച്ചയോടെ വീട്ടില്‍ നിന്നും ഗിരീഷിന്റെ ഒരു കത്ത് കണ്ടെടുത്തു. താന്‍ പോകുന്നു എന്നായിരുന്നു കത്തില്‍ ഉണ്ടായിരുന്നത്. ഇതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് മറ്റ് പോലീസ് സ്റ്റേഷനുകളിലും സന്ദേശമെത്തി.

ആഴിമല ക്ഷേത്രത്തിനു സമീപം കടല്‍ത്തീരത്ത് ഗിരീഷിന്റെ ബൈക്ക് കണ്ടെത്തി. തീരത്തേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും കിട്ടി. ഇതോടെ ഗിരീഷ് കടലില്‍ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചെന്നായരുന്നു പോലീസിന്റെ നിഗമനം. തുടര്‍ന്ന് വിപുലമായ പരിശോധന ആരംഭിച്ചു. കോസ്റ്റല്‍ പോലീസിന്റെ ബോട്ടുകളും തീര സംരക്ഷണ സേനയുടെ ഹെലികോപ്റ്ററുകളും അടക്കം ഉപയോഗിച്ച്‌ കടലില്‍ തിരച്ചില്‍ നടത്തി.

രാവിലെ മുതല്‍ കടലിലും പാറക്കെട്ടിന്റെ പല ഭാഗങ്ങളിലും പരിശോധന നടന്നു. ഒടുവില്‍ പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷനില്‍ നിന്നു സന്ദേശം എത്തി. കടലില്‍ ചാടിയെന്ന് കരുതിയ പോലീസുകാരന്‍ പാലക്കാട്ട് ഉണ്ടെന്ന്. കൈലി മുണ്ടുടുത്ത് കടല്‍ ഭാഗത്തേക്ക് പോയ ഗിരീഷിനെ വെള്ളമുണ്ട് ധരിച്ച അവസ്ഥയിലാണ് പാലക്കാട് കണ്ടെത്തിയത്.

ABS MEDICALS