മുടപ്പല്ലൂർ-അണക്കപ്പാറ റോഡ് ടാറിങ്ങിനായി പൊളിച്ചു, പിന്നാലെ പണി നിലച്ചു.

വടക്കഞ്ചേരി : മുടപ്പല്ലൂർ – അണക്കപ്പാറ റോഡ് ടാറിങ്ങിനായി കുത്തിപ്പൊളിച്ചതിനു പിന്നാലെ പണിനിലച്ചു. റോഡ് കുത്തിപ്പൊളിച്ച് മെറ്റലും പാറപ്പൊടിയും ഇട്ടശേഷമാണ് ജോലി നിലച്ചത്. ഇതേത്തുടർന്ന് മെറ്റൽ ഇളകിത്തെറിച്ചും പൊടിനിറഞ്ഞും യാത്ര ദുരിതത്തിലായി. ഇളകിക്കിടക്കുന്ന മെറ്റലിൽ തെന്നി ഇരുചക്രവാഹന യാത്രക്കാർ വീഴുന്നത് പതിവായിരിക്കയാണ്.ദേശീയപാതയെയും മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയെയും ബന്ധിപ്പിക്കുന്ന റോഡാണിത്. 2020 ഒക്ടോബറിൽ അഞ്ചുകോടിരൂപ ചെലവിലാണ് നാലുകിലോമീറ്റർ റോഡിന്റെ നവീകരണം തുടങ്ങിയത്. തുടക്കംമുതൽ പണി ഇഴഞ്ഞാണ് നീങ്ങിയത്. ഇടയ്ക്കിടെ മുടങ്ങുന്ന പണി നാട്ടുകാരുടെ പ്രതിഷേധം ശക്തമാക്കുമ്പോഴാണ് പുനരാരംഭിച്ചിരുന്നത്.നീട്ടിനൽകിയ കരാർ കാലാവധി കഴിഞ്ഞിട്ടും പണി പൂർത്തിയാകാത്തതിനെത്തുടർന്ന് പൊതുമരാമത്ത് വകുപ്പ് കരാർ റദ്ദാക്കാനുള്ള നടപടികളിലേക്ക്‌ കടക്കാനൊരുങ്ങിയപ്പോഴാണ്, രണ്ടുമാസംമുമ്പ് ടാറിങ്ങിനായി റോഡ് കുത്തിപ്പൊളിച്ച് മെറ്റലും പാറപ്പൊടിയും നിരത്തിയത്.ഇപ്പോൾ വീണ്ടും പണി നിലച്ചതോടെ പൊതുമരാമത്തുവകുപ്പ് കരാർകമ്പനിയെ താക്കീത് ചെയ്തിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ ടാറിങ് ആരംഭിക്കണമെന്ന് കർശനനിർദേശം നൽകിയതായും പൊതുമരാമത്തുവകുപ്പ്‌ അധികൃതർ പറഞ്ഞു.

whatsapp

THRISSUR GOLDEN
THRISSUR GOLDEN
IMG-20211113-WA0002
IMG-20211113-WA0002
previous arrow
next arrow