അഞ്ചുപേർക്കെതിരേ കേസ്
ചിറ്റിലഞ്ചേരി: മേലാർകോട്-കല്ലങ്കോട് പാതയോരത്ത് സ്ഥാപിച്ച ഇരിപ്പിടം മാറ്റിയതിനെച്ചൊല്ലി ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിൽ വീട്ടമ്മയുൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു.
കല്ലങ്കോട് സ്വദേശികളായ ലക്ഷ്മി (60), അമ്പാടി (37), സതീഷ് കുമാർ (38), പ്രതീഷ് (36), രതീഷ് (37) എന്നിവർക്കും ഗ്രാനൈറ്റ് തല്ലിത്തകർക്കുന്നതിനിടെ കല്ലങ്കോട് നാലുസെന്റ് കോളനിയിലെ അൻസാറിനും (28) പരിക്കേറ്റു. അൻസാർ ജില്ലാ ആശുപത്രിയിലും മറ്റുള്ളവർ നെന്മാറ സാമൂഹികാരോഗ്യകേന്ദ്രത്തിലും ചികിത്സ തേടി. സംഭവത്തിൽ പുത്തൻതറ സ്വദേശിയായ അനീഷ് (31), കല്ലങ്കോട് നാലുസെന്റ് കോളനിയിലെ ഷിനാസ് (30), അൻസാർ (28), രാമചന്ദ്രൻ (27), കൂളമൂച്ചി സ്വദേശിയായ ഷമീർ (28) എന്നിവർക്കെതിരെ ആലത്തൂർ പോലീസ് കേസെടുത്തു.
തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. പ്രദേശവാസികൾ വൈകീട്ട് ഇരിക്കുന്നതിനായി കല്ലങ്കോട് പാതയോരത്ത് ഇരുമ്പുകൊണ്ട് ഇരിപ്പിടം സ്ഥാപിച്ചിരുന്നു. ഈ ഇരിപ്പിടം സാമൂഹികവിരുദ്ധർ താവളമാക്കുകയും രാത്രി ബഹളം പതിവാകുകയും ചെയ്തതോടെ പ്രദേശവാസികൾതന്നെ ഇരിപ്പിടം എടുത്തുമാറ്റി.
ഇതിനെ ഒരുവിഭാഗം ചോദ്യം ചെയ്തുവെന്നും വീടുകളിലെത്തി മർദിച്ചെന്നുമാണ് കേസ്. കുടിവെള്ള ടാപ്പ് തല്ലിത്തകർക്കുകയും സതീഷ് കുമാറിന്റെ വീടുനിർമാണത്തിനായി കൊണ്ടുവന്ന ഗ്രാനൈറ്റുകളും വീട്ടിലെ ജലവിതരണക്കുഴലുകളും തകർക്കുകയും ചെയ്തു.
രണ്ടുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി സതീഷ് കുമാർ പോലീസിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് മറ്റ് പ്രതികൾക്കായി തിരിച്ചിൽ ഊർജ്ജിതമാക്കി.
Similar News
നെല്ലിയാമ്പതി ചുരം പാതയിൽ മരം വീണു; രണ്ടു മണിക്കൂർ ഗതാഗതം മുടങ്ങി
ലോട്ടറിവില്പനക്കാരിയെ കളിനോട്ട് നല്കി പറ്റിച്ചു
എംഡിഎംഎയുമായി വടക്കഞ്ചേരി സ്വദേശി പിടിയില്