കൊല്ലങ്കോട് : ഊട്ടറ പാലത്തിന് പിന്നാലെ കൊല്ലങ്കോട്ടുകാരുടെ യാത്രാദുരിതത്തിന് ആക്കം കൂട്ടി ആലമ്പള്ളം ചപ്പാത്തിലും വിള്ളൽ. ഊട്ടറ പാലം അടച്ചതിനെത്തുടർന്ന് ഗതാഗതം വഴിതിരിച്ചുവിട്ട ബദൽ പാതയിലെ ആലമ്പള്ളം ചപ്പാത്തിലാണ് ചൊവ്വാഴ്ച ഉച്ചയോടെ അപകടകരമാംവിധം വിള്ളലുണ്ടായത്. ഇതോടെ രണ്ടുമണിക്കൂർ ഇതുവഴിയുള്ള വാഹനഗതാഗതം മുടങ്ങി. 20 കിലോമീറ്റർ വരെ ചുറ്റിവളഞ്ഞാണ് പലരും ലക്ഷ്യസ്ഥാനത്തെത്തിയത്.
വിള്ളൽ രൂപപ്പെട്ട ഭാഗം മണ്ണുമാന്തിയന്ത്രമുപയോഗിച്ച് പൊളിച്ചുമാറ്റി, പാറപ്പൊടിയും മറ്റുമിട്ട് ബലപ്പെടുത്തിയശേഷമാണ് ബസ്സടക്കമുള്ള വാഹനങ്ങളുടെ ഗതാഗതം പുനഃസ്ഥാപിച്ചത്. കെ. ബാബു എം.എൽ.എ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. സത്യപാൽ, പൊതുമരാമത്തുവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു.
കഴിഞ്ഞ പ്രളയകാലത്ത് ആലമ്പള്ളം ചപ്പാത്തിന്റെ 20 മീറ്ററോളം വരുന്ന സ്ലാബിന്റെ ഭാഗം ഒഴുകിപ്പോയിരുന്നു. ഇവിടം കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തുന്നതിനുപകരം പാറപ്പൊടിയും കല്ലുമിട്ട് നികത്തിയാണ് നാളിതുവരെ താത്കാലികമായി ഗതാഗതം നടത്തിയിരുന്നത്.
ഞായറാഴ്ച വൈകീട്ടുമുതൽ ഊട്ടറ പാലം വഴിയുള്ള വാഹനങ്ങൾ മുഴുവനും ആലമ്പള്ളം വഴി വരാൻ തുടങ്ങിയതോടെയാണ് ചപ്പാത്തിൽ അപകടകരമായ വിധത്തിൽ വിള്ളൽ രൂപപ്പെട്ടത്. ഇതുവഴി ലോറികളടക്കമുള്ള ചരക്കുവാഹനങ്ങളുടെ യാത്ര പോലീസ് നിരോധിച്ചിട്ടുണ്ടെങ്കിലും രാത്രി സമയങ്ങളിൽ ടോറസ് ലോറികളടക്കം അധികൃതരുടെ കണ്ണ് വെട്ടിച്ച് കടന്നുപോകുന്നുണ്ടെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
നിരോധനം ലംഘിച്ച് വരുന്ന ചരക്കുവാഹനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും വാഹനം പിടിച്ചിടുമെന്നും പോലീസ് ഇൻസ്പെക്ടർ എ. വിപിൻദാസ് അറിയിച്ചു.
കൈവരികളില്ലാത്ത ആലമ്പള്ളം ചപ്പാത്തുവഴിയുള്ള ഗതാഗതത്തിരക്ക് ഏറിയതോടെ അപകടസാധ്യതയും വർധിക്കുകയാണ്. ശ്രദ്ധ തെറ്റിയാൽ ഇരുചക്രവാഹനങ്ങൾ പുഴയിലേക്ക് വീഴുമെന്നതാണ് സ്ഥിതി. പുതിയ സാഹചര്യത്തിൽ ചപ്പാത്തിന് അടിയന്തരമായി കൈവരികൾ സ്ഥാപിക്കാൻ നടപടിയെടുക്കുമെന്ന് കൊല്ലങ്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. സത്യപാൽ പറഞ്ഞു.
സ്റ്റീൽ പൈപ്പുപയോഗിച്ചുള്ള കൈവരികൾ സ്ഥാപിക്കാൻ പ്രായോഗികതടസ്സങ്ങളുള്ളതിനാൽ ചൗക്കയുപയോഗിച്ചുള്ള കൈവരികൾ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലത്തിനിരുവശവും പ്രകാശമേറിയ വഴിവിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്.
,
Similar News
വടക്കഞ്ചേരി മൃഗാശുപത്രിയിലെ വൻ തേക്കുമരം ആശുപത്രി കെട്ടിടം നശിപ്പിക്കുമെന്ന് ആശങ്ക.
വിദ്യാര്‍ത്ഥിനിയുമായുള്ള അടുപ്പം പ്രശ്നമായി; റോഡില്‍ കൂട്ടത്തല്ലുമായി വിദ്യാര്‍ത്ഥികള്‍.
നീലച്ചിത്ര നിര്‍മ്മാണത്തിന് ജയിലില്‍ കിടന്ന വിവാദ ഡോക്ടറുടെ അടുക്കല്‍ ചികിത്സക്കെത്തി കേന്ദ്ര മന്ത്രി.