കിഴക്കഞ്ചേരിയിലെ ക്വാറിയിൽ വിദഗ്ധസംഘം പരീക്ഷണസ്‌ഫോടനം നടത്തി.

കിഴക്കഞ്ചേരി: അമ്പിട്ടൻതരിശ് നീതിപുരത്ത് പ്രവർത്തിക്കുന്ന ‘പെന്റാ ഗ്രാനൈറ്റ്‌സ്’ ക്വാറിയിൽ ദേശീയ ഹരിതട്രിബ്യൂണൽ (എൻ.ജി.ടി.) നിയോഗിച്ച വിദഗ്ധസംഘം പരീക്ഷണസ്ഫോടനം നടത്തി. ക്വാറിയും വീടുകളും തമ്മിലുള്ള ദൂരപരിധി വിഷയത്തിൽ എൻ.ജി.ടി.യുടെ പരിഗണനയിലിരിക്കുന്ന കേസുമായി ബന്ധപ്പെട്ടാണ് നടപടി.

സ്‌ഫോടനം നടത്തുമ്പോൾ പ്രകമ്പനത്തിന്റെ തോതറിയാൻ നിശ്ചിതദൂരത്തിൽ യന്ത്രങ്ങൾ സ്ഥാപിച്ചായിരുന്നു പാറപൊട്ടിക്കൽ. പൊടിയുടെയും ശബ്ദത്തിന്റെയും അളവ് യന്ത്രങ്ങൾസ്ഥാപിച്ച് രേഖപ്പെടുത്തി. കേന്ദ്ര മലിനീകരണനിയന്ത്രണ ബോർഡിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ചിട്ടുള്ള വിദഗ്ധസംഘമാണ് പഠനം നടത്തുന്നത്.

സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോട്ടയം, പാലക്കാട്, വയനാട്, കാസർകോട് എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത ക്വാറികളിലാണ് പഠനം നടത്തുന്നത്. ജില്ലയിൽ തിരഞ്ഞെടുക്കപ്പെട്ട കിഴക്കഞ്ചേരി ക്വാറിയിലെ പഠനം വ്യാഴാഴ്ച പൂർത്തിയാകും. വയനാടും കാസർകോടുമാണ് ഇനി നടത്താനുള്ളത്. ഇതിനുശേഷം വിശദറിപ്പോർട്ട് ട്രിബ്യൂണലിന് സമർപ്പിക്കും. തുടർന്ന്, ദേശീയ ഹരിത ട്രിബ്യൂണൽ ക്വാറിയും ജനവാസമേഖലയും തമ്മിലുള്ള ദൂരപരിധി സംബന്ധിച്ച് തീരുമാനമെടുക്കും.
കിഴക്കഞ്ചേരിയിൽ ക്വാറിക്കുസമീപം താമസിക്കുന്ന കുടുംബങ്ങൾ ക്വാറികളുടെ ദൂരപരിധിസംബന്ധിച്ച് 2019-ൽ ട്രിബ്യൂണലിന് നൽകിയ പരാതിയാണ് കേസിന്റെ തുടക്കം.

പരാതി എൻ.ജി.ടി. ഹർജിയായി പരിഗണിച്ച് ഫയലിൽ സ്വീകരിക്കയായിരുന്നു. വാദങ്ങളും പ്രതിവാദങ്ങളുമായി കേസ് സുപ്രീംകോടതിയിലെത്തി. ഒടുവിൽ വിശദപഠനം നടത്തി തീരുമാനമെടുക്കാൻ സുപ്രീംകോടതി കേസ് എൻ.ജി.ടി.ക്കുതന്നെ വിടുകയായിരുന്നു.

THRISSUR GOLDEN
THRISSUR GOLDEN
IMG-20211113-WA0002
IMG-20211113-WA0002
previous arrow
next arrow