വേനലില്‍ റബര്‍ മരങ്ങള്‍ ഇല പൊഴിക്കുന്നു; വെട്ടുപട്ട സംരക്ഷണം തുടങ്ങി.

✒️ബെന്നി വർഗീസ്

നെന്മാറ: സാധാരണ മഞ്ഞുകാലം കഴിയുന്നതോടെ തുടങ്ങുന്ന സ്വാഭാവിക ഇലപൊഴിച്ചിലാണ് ഇപ്പോള്‍ റബര്‍ മരങ്ങളില്‍ ആരംഭിച്ചിരിക്കുന്നത്. ഇലപൊഴിച്ച റബര്‍ മരങ്ങളില്‍ ആഴ്ചകള്‍ക്കുള്ളില്‍ തന്നെ പുതിയ തളിരും പൂവുകളും പ്രത്യക്ഷപ്പെട്ട് തുടങ്ങും. ഇലപൊഴിച്ചില്‍ ആരംഭിച്ചതോടെ റബര്‍ പാല്‍ ഉല്പാദനം കുറഞ്ഞു തുടങ്ങി. പുതിയ തളിരിലകള്‍ മൂപ്പ് എത്തിയാല്‍ മാത്രമേ പൂര്‍ണതോതിലുള്ള റബര്‍ ഉത്പാദനം ലഭിക്കുകയുള്ളു.

ഇടമഴ ലഭിച്ചില്ലെങ്കില്‍ ഉത്പാദനം കൂടാനുള്ള സാധ്യതയും കുറവാണെന്ന് കര്‍ഷകര്‍ പറയുന്നു. ഇടമഴയോ അന്തരീക്ഷ തണുപ്പും നീണ്ടു നിന്നില്ലെങ്കില്‍ ഉത്പാദനം കുറഞ്ഞ തോട്ടങ്ങളിലെ ഈ വര്‍ഷത്തെ റബര്‍ ടാപ്പിംഗ് കര്‍ഷകര്‍ നിര്‍ത്തിവയ്ക്കും. ഇലപൊഴിഞ്ഞു തുടങ്ങിയതോടെ തോട്ടങ്ങളില്‍ തണല്‍ കുറഞ്ഞ് വെട്ടുപട്ടകളില്‍ വെയിലേറ്റ് ഉണക്കം വരാതിരിക്കുന്നതിനായി ചൈന ക്ലെ ഉപയോഗിച്ച്‌ വെള്ള പൂശി വേനല്‍ സംരക്ഷണം റബര്‍ മരങ്ങള്‍ക്കു നല്കി തുടങ്ങി.