January 15, 2026

പട്ടാപകല്‍ നടുറോഡില്‍ കാട്ടുപന്നിക്കൂട്ടം.

കൊപ്പം: മുളയങ്കാവില്‍ നടുറോഡില്‍ പകല്‍ സമയം കാട്ടുപന്നിക്കൂട്ടം ഇറങ്ങിയത് നാട്ടുകാരെയും യാത്രക്കാരെയും പരിഭ്രാന്തിയിലാഴ്ത്തി. ഇന്നലെ രാവിലെയാണ് റോഡിലേക്ക് അമ്മയും കുഞ്ഞുങ്ങളുമടക്കം 15ഓളം കാട്ടുപന്നികള്‍ കൂട്ടമായിയിറങ്ങിയത്.

റോഡിലിറങ്ങിയ പന്നിക്കൂട്ടത്തെ കണ്ട് വ്യാപാരികളും, യാത്രക്കാരും പേടിച്ചോടി. വാഹനങ്ങള്‍ നടുറോഡില്‍ നിറുത്തിയിട്ട് പലരും ഓടി. കാല്‍നട യാത്രക്കാര്‍ കടകളിലേക്ക് പാഞ്ഞുകയറി ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു. ടൗണിലെ വാച്ച്‌ കടയുടെ ചില്ല് പന്നികള്‍ കുത്തി തകര്‍ത്തു. വല്ലപ്പുഴ റോഡ് വരെ പോയ പന്നിക്കൂട്ടം വന്ന വഴി മടങ്ങി.

കുലുക്കല്ലൂര്‍ പഞ്ചായത്തില്‍ പന്നി ശല്യം രൂക്ഷമാണ്. കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുന്നുണ്ട്. മുളയങ്കാവ് ടൗണില്‍ ഇറങ്ങിയ പോലെ പന്നിശല്യം പട്ടാപ്പകല്‍ പഞ്ചായത്തിലെ പല പ്രദേശങ്ങളിലുമുണ്ടെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.

PROMPT