നാളെ റിപ്പപ്ലിക് ദിന പരേഡിൽ ‘ആകാശ്’ മിസൈൽ പ്രദർശിപ്പിക്കാൻ ആലത്തൂർ കാവശ്ശേരി സ്വദേശിയും.

ആലത്തൂർ: രാജ്യത്തിന്റെ സൈനികശേഷിയും കരുത്തും വിളിച്ചോതുന്ന റിപ്പബ്ലിക് ദിന പരേഡിൽ ‘ആകാശ മിസൈൽ’ പ്രദർശിപ്പിക്കുന്ന സേനാംഗങ്ങളിൽ ആലത്തൂർ കാവശ്ശേരി സ്വദേശിയും. കഴനി ദേവകീ സദനത്തിൽ വി. ജയചന്ദ്രനാണ് നാടിന് അഭിമാനകരമായ ഈ നിയോഗം.

25 വർഷമായി കരസേനയിൽ സേവനമനുഷ്ടിക്കുന്ന ജയചന്ദ്രൻ ജലന്ധറിൽ ആർമി എയർ ഡിഫെൻസ് റെജിമെന്റിൽ സുബേദാറാണ്. ഒരു മാസമായി ഡൽഹിയിൽ പരിശീലനത്തിലാണ്. പട്ടാളക്കാരനായിരുന്ന അച്ഛൻ നാരായണൻ നായരുടെ പാത പിന്തുടരുകയായിരുന്നു ജയചന്ദ്രൻ. റിക്രൂട്ട്മെന്റ് റാലികളിൽ പങ്കെടുത്ത് 21-ാം വയസ്സിൽ സേനാംഗമായി. പരിശീലനത്തിനുശേഷം റഡാർ ഓപ്പറേറ്ററായായി രുന്നു ആദ്യനിയമനം.

കരസേനയുടെ മദ്രാസ് എൻജിനിയറിങ് ഗ്രൂപ്പിൽ അംഗമായിരുന്ന നാരായണൻ നായർ ഹവിൽദാറായാണ് വിരമിച്ചത്. ആറുവർഷം മുമ്പ് മരിച്ചു. ജയചന്ദ്രന്റെ അമ്മ സരസ്വതിയമ്മ കഴനിയിലെ തറവാട്ടിലുണ്ട്. ഭാര്യ ഗായത്രി വാണിയംകുളത്ത് അധ്യാപികയും, മകൾ വേദിത ഷൊർണുരിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയുമാണ്.

ജയചന്ദ്രന് ലഭിച്ച സുവർണാവസരത്തിന്റെ അഭിമാനവും ആഹ്ലാദവും പങ്കുവെക്കുകയാണ് കുടുംബാംഗങ്ങളും കഴനി നിവാസികളും. കഴനിയിലെ സുഹൃത്തുക്കൾ അഭിവാദ്യമർപ്പിച്ച് ഫ്‌ളക്സ് ബോർഡ് സ്ഥാപിച്ചു.

കടപ്പാട്: മാത്രഭൂമി ന്യൂസ്‌