വടക്കഞ്ചേരി റൈസ് മില്ലില്‍ നിന്ന് പൊടി; പ്രദേശവാസികൾക്ക് അലര്‍ജി രോഗങ്ങൾ: നാട്ടുകാർ പരാതി നല്‍കി.

വടക്കഞ്ചേരി: വടക്കഞ്ചേരി പഞ്ചായത്തിലെ ടൗണിനു സമീപമുള്ള റൈസ് മില്ലിൽ നിന്നു വരുന്ന കരിയും പുകയും പൊടിപടലങ്ങളും മൂലം കാരയങ്കാട്, അമ്പാട്ട്പറമ്പ് പ്രദേശത്തുള്ളവര്‍ക്ക് അലര്‍ജി രോഗങ്ങളും കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ചുമയും തുമ്മലും വര്‍ധിച്ചതായി പരാതി. പ്രദേശത്തുകാരുടെ കിണറുകളും അശുദ്ധമായി വെള്ളം ഉപയോഗിക്കാന്‍ കഴിയാത്ത നിലയിലാണ്. വീടുകളുടെ ഉള്ളിലേക്കു പോലും കറുത്ത പൊടി അടിച്ചുകയറുന്നതായി വീട്ടമ്മമാര്‍ പറഞ്ഞു. പ്രദേശവാസികള്‍ ഒപ്പിട്ട പരാതി മുന്‍പ് പഞ്ചായത്ത്, വില്ലേജ്, താലൂക്ക് അധികൃതര്‍ക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡിനും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്കും നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണം നടത്തി മാലിന്യങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ നടപടി ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.നെല്ല് പുഴുങ്ങുന്ന വെള്ളവും മലിനജലവും മൂലം ദുര്‍ഗന്ധം ഉണ്ടാകുന്നതായും കുഴല്‍ കിണറുകളിലെ ജലം പോലും ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്നും പ്രദേശവാസികള്‍ പറഞ്ഞു. വീടിനകത്തു പോലും ഭക്ഷണ പദാര്‍ഥങ്ങള്‍ തുറന്നുവെച്ച് കഴിക്കാന്‍ പറ്റാത്തവിധം കറുത്ത പൊടിശല്യമുണ്ടെന്ന് വീട്ടമ്മമാര്‍ പറഞ്ഞു.വൃക്ഷങ്ങളുടെ ഇലകള്‍ കറുത്തിരുണ്ടാണ് ഇരിക്കുന്നത്. രണ്ട് വര്‍ഷം മുന്‍പ് നാട്ടുകാരുടെ നേതൃത്വത്തില്‍ ഹൈക്കോടതിയില്‍ ഇതു സംബന്ധിച്ച ഹര്‍ജി നല്‍കുകയും മാലിന്യപ്രശ്നത്തിന് പരിഹാരം കാണാന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കുറച്ചുകാലത്തേക്ക് നാമമമാത്രമായ പരിഹാരം മാത്രമാണ് ഉണ്ടായത്. ഇപ്പോള്‍ പൊടിപടലങ്ങള്‍ മൂലം വീടുകള്‍ തുറക്കാന്‍ പോലും കഴിയുന്നില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി നടപടി സ്വീകരിക്കണമെന്നുമാണ് പ്രദേശത്തുകാരുടെ ആവശ്യം.

THRISSUR GOLDEN
THRISSUR GOLDEN
IMG-20211113-WA0002
IMG-20211113-WA0002
previous arrow
next arrow