വടക്കഞ്ചേരി: വാളയാര്‍-വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത വികസനത്തോടെ പാതയോരങ്ങളിലെ കൃഷിഭൂമിയെല്ലാം ഇല്ലാതാകുന്ന സ്ഥിതിയായി. കൃഷിയിടങ്ങള്‍ നികത്തി കെട്ടിടങ്ങളുയരുകയാണ്. കൃഷിയിറക്കാതെ കുറച്ച് വര്‍ഷം തരിശിടുന്ന ഭൂമി പിന്നീട് നികത്തി കെട്ടിടങ്ങള്‍ നിര്‍മ്മിക്കും. ബന്ധപ്പെട്ട അധികൃതരും എല്ലാം കണ്ടും കേട്ടും കണ്ണടക്കുന്നു. നിലം നികത്തലും, കുന്നിടിക്കലും വ്യാപകമായതോടെ മണ്ണ് മാഫിയ സംഘങ്ങള്‍ക്ക് ഇത് കൊയ്ത്തുകാലമാണ്.
മുമ്പൊക്കെ രാത്രി കാലങ്ങളില്‍ ഒളിഞ്ഞും, തെളിഞ്ഞും നടത്തിയിരുന്ന നിലം നികത്തല്‍ ഇപ്പോള്‍ പകല്‍ സമയത്തും തകൃതിയായി. ഏതെങ്കിലും പെര്‍മിറ്റ് കാണിച്ച് പിന്നെ നിരന്തരമായ മണ്ണ്, കല്ല് എന്നിവ കടത്തും. നിലം നികത്തുന്നതു കണ്ടാല്‍ പാഞ്ഞടുത്തിരുന്ന രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഇപ്പോള്‍ നിശബ്ദരായി. വികസനമാണ് എല്ലാവരും ഉയര്‍ത്തി കാട്ടുന്നത്. നാട് വളരുന്നതിന് എന്തിന് തടസം നില്‍ക്കണം എന്നാണ് ചോദിക്കുന്നത്. മുമ്പൊന്നും പലര്‍ക്കും ഈ തിരിച്ചറിവുണ്ടായിരുന്നില്ല എന്ന് വേണം കരുതാന്‍.
നിലം നികത്തുന്ന സ്ഥലങ്ങളില്‍ കൊടികുത്തി നടത്തിയിരുന്ന സമരകോലാഹലങ്ങളും കെട്ടടങ്ങി. വടക്കഞ്ചേരി ടൗണിനടുത്ത് ശേഷിച്ച നിലങ്ങള്‍ കൂടി നികത്തി കെട്ടിടങ്ങള്‍ ഉയരുകയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് വടക്കഞ്ചേരി കൃഷിഭവന്റെ മൂക്കിനുതാഴെ കനാല്‍ നികത്തിയാണ് സ്വകാര്യ ഭൂമികളിലേക്ക് വഴിയുണ്ടാക്കിയത്. റോഡായതോടെ ഇവിടുത്തെ നിലങ്ങളെല്ലാം പറമ്പുകളായി മാറി. കെട്ടിടസമുച്ചയങ്ങളാണ് കൂടുതലും. നിലം നികത്തല്‍ വ്യാപകമായപ്പോള്‍ പല ഭാഗത്തും കനാലുകള്‍ ഉപയോഗശൂന്യമായ സ്ഥിതിയുമുണ്ട്.
മംഗലത്ത് ഫയര്‍ സ്റ്റേഷനു സമീപത്തെ മെയിന്‍ കനാല്‍ കൈയേറിയാണ് കൃഷിയിറക്കല്‍. കനാല്‍ പുറമ്പോക്കുകള്‍ കൈയേറി സ്വന്തമാക്കുന്നവരും കുറവല്ല. കൈയേറി സ്വന്തമാക്കുന്ന ഭൂമി പിന്നീട് തരക്കേടില്ലാത്ത വിലക്ക് വില്പന നടത്തുന്ന മാഫിയകളുമുണ്ട്. സ്വന്തമായി ഭൂമിയോ, വീടോ ഇല്ലാത്തവരാണ് ഇവരുടെ ഇരകളാകുന്നത്.
കടപ്പാട്: ദീപിക
Similar News
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.