മുളകുപൊടി എറിഞ്ഞ് സ്ത്രീകളുടെ മാല മോഷ്ടിക്കുന്ന ആലത്തൂർ സ്വദേശിയായ യുവാവ് അറസ്റ്റില്‍.

കൊച്ചി: പൊലീസിന്റെ ഉറക്കം കെടുത്തിയ മുളകുപൊടി വിതറി മാലപൊട്ടിക്കുന്ന മോഷ്ടാവ് ഒടുവില്‍ പിടിയിലായി. ആലുവ കുന്നത്തേരിയില്‍ വാടകയ്ക്ക് താമസിക്കുന്ന കലൂര്‍ ആസാദ് റോഡ് പവിത്രന്‍ ലെയിന്‍ ബ്ലാവത്ത് വീട്ടില്‍ എം.രതീഷാണ് (35) അറസ്റ്റിലായത്. പാലക്കാട് ആലത്തൂര്‍ സ്വദേശിയായ ഇയാള്‍ മറ്റൊരു കവര്‍ച്ചയ്ക്ക് പദ്ധതിയിട്ടുള്ള യാത്രയ്ക്കിടെ ഇന്നലെ പുലര്‍ച്ചെ ജില്ലയില്‍ ആദ്യകവര്‍ച്ച നടത്തിയ എളമക്കരയില്‍ വച്ചുതന്നെ കുടുങ്ങുകയായിരുന്നു. എളമക്കരയില്‍ രണ്ടും പാലാരിവട്ടത്ത് ഒരു കേസുമാണ് ഇയാള്‍ക്കെതിരെയുള്ളത്. ഇരുകേസുകളിലും കുറ്റംസമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.ഡിസംബറില്‍ പാലക്കാട് ആലത്തൂരില്‍ പാടവരമ്പത്തുകൂടി പോകുകയായിരുന്ന വൃദ്ധയെ കനാലില്‍ തള്ളിയിട്ട് മാലപൊട്ടിച്ചതും ഇയാളാണെന്ന് വ്യക്തമായി. പുലര്‍ച്ചെ ആരാധനാലയങ്ങളില്‍ തനിയെ പോകുന്ന സ്ത്രീകളുടെ മുഖത്ത് മുളകുപൊടി വിതറി മാലപൊട്ടിച്ച്‌ ബൈക്കില്‍ നടന്നുകളയുന്നതാണ് ഇയാളുടെ രീതി. മുളകുപൊടി വിതറിയുള്ള മാലപൊട്ടിക്കല്‍ പതിവായതോടെ പ്രത്യേകസംഘത്തെ കമ്മിഷണര്‍ നിയോഗിച്ചിരുന്നു.ഈമാസം 18ന് എളമക്കരയിലായിരുന്നു ആദ്യമാലപൊട്ടിക്കല്‍ നടന്നത്. കാല്‍നട യാത്രക്കാരിയായ സ്ത്രീയാണ് കവര്‍ച്ചയ്ക്ക് ഇരയായത്. അന്ന് കവര്‍ന്നത് മുക്കുപണ്ടായിരുന്നു.പരാതി ലഭിച്ചതിന് പിന്നാലെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. തൊട്ടടുത്ത ദിവസം വീണ്ടും മാലപൊട്ടിക്കല്‍ നടന്നു. പാലാരിവട്ടം അഞ്ചുമന ക്ഷേത്രത്തിനു സമീപത്തുവച്ച്‌ വയോധിക കവര്‍ച്ചയ്ക്ക് ഇരയായി. രണ്ടുപവന്റെ മാലനഷ്ടപ്പെട്ടു. പ്രതിയെ കണ്ടെത്താനായില്ല. 25ന് എളമക്കരയില്‍ വീണ്ടും മാലപൊട്ടിക്കല്‍ നടന്നതോടെ പൊലീസിന് പണിയായി. 20കാരിയുടെ ഒരു പവന്റെ മാലയാണ് മൂന്നാമത് കവര്‍ന്നത്. തുടര്‍ന്നാണ് വിവിധ സ്റ്റേഷനുകളില്‍ നിന്ന് പ്രതിയെ പിടികൂടാനായി പ്രത്യേകസംഘത്തെ നിയോഗിച്ചത്.ഇരയെ കണ്ടെത്താന്‍ എത്രദൂരംവരെയും സഞ്ചരിക്കുമെന്നാണ് രതീഷ് പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്. ആലുവയില്‍നിന്ന് ബൈക്ക് ഓടിച്ച്‌ ആലത്തൂര്‍ പോയാണ് ഇവിടെ മാലപൊട്ടിക്കല്‍ നടത്തിയത്. നേരം പുലരും മുൻപ് സ്ഥലം വിടും. പൊലീസിനെ കബളിപ്പിക്കാന്‍ വിവിധ വഴികളിലൂടെയാണ് മടക്കസഞ്ചാരം. ഒന്നരവര്‍ഷം മുൻപ് വിവാഹിതനായ ഇയാള്‍ ഭാര്യയെയും ബന്ധുക്കളെയും സൈന്‍ബോര്‍ഡിന്റെ ജോലിക്കാരനാണെന്നാണ് തെറ്റിദ്ധരിപ്പിച്ചിരുന്നത്.

THRISSUR GOLDEN
THRISSUR GOLDEN
IMG-20211113-WA0002
IMG-20211113-WA0002
previous arrow
next arrow