മംഗലംഡാം: കശുമാവ് തോട്ടത്തിൽ വാനരപ്പടയെത്തി വ്യാപകമായി കൃഷി നശിപ്പിക്കുന്നതു സംബന്ധിച്ച് വനവകുപ്പിന് പരാതി നൽകിയിട്ടും പരിശോധിക്കാൻ പോലും ആരും എത്തുന്നില്ലെന്ന് പരാതി. കരിങ്കയത്ത് ഫോറസ്റ്റ് ഓഫീസിനു സമീപം ഇലഞ്ഞിമറ്റം തോമസിന്റെ ആറ് ഏക്കർ വരുന്ന കശുമാവ് തോട്ടത്തിലാണ് നൂറും നൂറ്റിയന്പതും എണ്ണം വരുന്ന കുരങ്ങ് കൂട്ടങ്ങൾ എത്തി കൃഷി നശിപ്പിക്കുന്നത്.ഇത്രയേറെ എണ്ണം കുരങ്ങുകൾ ഉയരം കുറഞ്ഞ കശുമാവുകളിൽ ചാടി കളിച്ചും തൂങ്ങിയും പൂക്കൾ കൊഴിയുന്നതിനൊപ്പം പച്ച അണ്ടി നിറഞ്ഞ കൊന്പുകൾ ഒടിച്ചു നശിപ്പിക്കുന്നതും പതിവായിരിക്കുകയാണെന്ന് തോമസ് പറഞ്ഞു. സന്ധ്യ മയങ്ങിയാൽ വവ്വാൽ പടയും എത്തും. പഴുക്കാറായ കശുമാങ്ങ അണ്ടിയോടെ വവ്വാലുകൾ കൊണ്ടുപോകും. നേരം പുലരുന്നതോടെ കശുമാവുകളെല്ലാം കാലിയാകും. താഴെ പന്നിക്കൂട്ടങ്ങളും അവയ്ക്ക് പറ്റാവുന്ന വിധം വിളകൾ നശിപ്പിക്കുന്ന സ്ഥിതിയുമുണ്ട്. കൃഷിനാശം സംബന്ധിച്ച് നെന്മാറ ഡിഎഫ്ഒ ക്കാണ് മൂന്നാഴ്ച മുന്പ് പരാതി നൽകിയിരുന്നത്. സമീപത്തെ കരിങ്കയത്തു നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കാമെന്നായിരുന്നു ഡി എഫ് ഒ ഓഫീസിൽ നിന്നും ഉറപ്പു നൽകിയിരുന്നെങ്കിലും തോട്ടത്തിന് വിളിപ്പാടകലെ മാത്രമുള്ള വനവകുപ്പിന്റെ ഓഫീസിൽ നിന്നും ആരും പരിശോധിക്കാൻ പോലും എത്തിയില്ലെന്നാണ് കർഷകന്റെ പരാതി.ഇവിടെ മാത്രമല്ല മലയോരങ്ങളിലെല്ലാം കുരങ്ങു ശല്യം രൂക്ഷമാണ്. ഇതു മൂലം നാളികേര ഉല്പാദനം ഇല്ലാതായി. കരിക്ക് പാകമാകും മുന്പേ തെങ്ങിലുള്ളതെല്ലാം തിന്ന് നശിപ്പിക്കും.മലയണ്ണാനും കൂടെയുണ്ടാകും. കശുമാവ് വികസന കോർപ്പറേഷന്റെ വാക്കുകൾ വിശ്വസിച്ചാണ് പാലൊഴുകിയിരുന്ന റബർ മരങ്ങളെല്ലാം വെട്ടിമാറ്റി ഇലഞ്ഞിമറ്റം തോമസ് നാല് വർഷം മുന്പ് കശുമാവ് കൃഷി ആരംഭിച്ചത്. റബർ വില നന്നേ താഴേക്ക് പോയപ്പോഴായിരുന്നു കർഷകർ റബർ മരങ്ങളെല്ലാം വെട്ടിമാറ്റി കശുമാവ് കൃഷിയിലേക്ക് മാറിയത്. തൈകൾ തഴച്ച് വളർന്ന് രണ്ട് വർഷം പ്രായമാകും മുന്പേ പൂവിട്ട് കശുവണ്ടി ഉല്പാദനം തുടങ്ങിയപ്പോൾ എല്ലാവരും മനക്കോട്ട കെട്ടി. പ്രോത്സാഹിപ്പിക്കാൻ കശുവണ്ടി കോർപ്പറേഷനും ഒപ്പം നിന്നപ്പോൾ കൂടുതൽ കർഷകരും ഈ രംഗത്തേക്ക് കടന്നു വന്നു. മരത്തിന് ഏഴ് വർഷം പ്രായമായാൽ ഒരു മരത്തിൽ നിന്നു തന്നെ 35 കിലോ വരെ കശുവണ്ടി കിട്ടും.കാര്യമായ പരിചരണങ്ങളില്ലാതെ വർഷത്തിൽ വൻ വരുമാനം എന്നിങ്ങനെ കശുവണ്ടി കോർപ്പറേഷൻ വരുമാന വഴികൾ പറഞ്ഞപ്പോൾ കർഷകരും അതിൽപ്പെട്ടു പോയി. എന്നാൽ ഇന്നിപ്പോൾ സ്ഥിതി അപ്പാടെ മാറി. മരങ്ങൾ തഴച്ചു വളർന്നു, മോശമല്ലാത്ത ഉല്പാദനവും ഉണ്ടായി.എന്നാൽ മരത്തിൽ ഉണ്ടാകുന്ന കശുവണ്ടിയുടെ 30 ശതമാനം പോലും കർഷകന് കിട്ടാൻ വഴിയില്ല എന്നതാണ് കശുമാവ് കൃഷിക്ക് വിനയാകുന്നത്. കശുവണ്ടിയുടെ വിലയും ഇക്കുറി കുറവാണ്.റബർ കൃഷിയെ മാത്രം ആശ്രയിക്കാതെ മറ്റു കൃഷികളെക്കുറിച്ചും ചിന്തിക്കേണ്ട സമയം അതിക്രമിച്ചെന്ന റബർ ബോർഡിന്റെ ക്ലാസുകളും കൃഷികൾ മാറ്റി ചെയ്യാൻ പ്രേരിപ്പിച്ചെന്ന് തോമസ് പറയുന്നു
കശുമാവ് തോട്ടത്തിൽ വാനരപ്പടയും വാവൽ കൂട്ടങ്ങളും: പരാതി നൽകിയിട്ടും വനം വകുപ്പിന് കുലുക്കമില്ല

Similar News
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.
വടക്കഞ്ചേരി-മണ്ണുത്തി ദേശീയ പാതയിൽ 3 വർഷത്തിനുള്ളിൽ 20 പേരുടെ ജീവൻ പൊലിഞ്ഞു, നിർമ്മാണം പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ കമ്പനി.
മുറിക്കുള്ളിൽ കുടുങ്ങിയ കുഞ്ഞിനെ രക്ഷിച്ചു.