നെന്മാറ-വല്ലങ്ങി വേലയോടനുബന്ധിച്ച് പോലീസ് സുരക്ഷ ശക്തമാക്കും.

നെന്മാറ: നെന്മാറ-വല്ലങ്ങി വേലയ്ക്ക് പോലീസിന്റെ സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കാന്‍ കെ.ബാബു എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. അഞ്ച് ഡി.വൈ.എസ്.പി. മാരും,13 സി.ഐ.മാരും ഉള്‍പ്പെടെ 1130 പോലീസുകാരെയാണ് വേലയുടെ ഭാഭഗമായി ഭാഗമായി മൂന്നു ദിവസങ്ങളിലായി ക്രമീകരിച്ചിരിക്കുന്നത്. വേല ദിവസം വാഹനങ്ങള്‍ 7 ഇടങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും.

കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതലായി ഇത്തവണ പല്ലാവൂരിലും വാഹനങ്ങളെ നിയന്ത്രിക്കും. അഗ്നി രക്ഷാ സേനയുടെ നാല് യൂണിറ്റുകളും, നെന്മാറ സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍ ഏഴ് ഡോക്ടര്‍മാരുടെ സേവനവും, ഏഴ് ആംബുലന്‍സിന്റെ സേവനയും ഏര്‍പ്പെടുത്തും. പോലീസിന്റെ നേതൃത്വത്തില്‍ രണ്ട് കണ്‍ട്രോള്‍ റൂമുകള്‍ക്ക് പുറമെ ക്ഷേത്രത്തിന് സമീപത്തായി വാച്ച് ടവര്‍ കൂടി സ്ഥാപിക്കുമെന്നും യോഗത്തില്‍ ആലത്തൂര്‍ ഡി.വൈ.എസ്.പി. അറിയിച്ചു.

വേലയുടെ ഭാഗമായി മൂന്നു ദിവസം തുടര്‍ച്ചയായി ജലവിതരണവും നടത്തും. ഇതിനായി പോത്തുണ്ടി അണക്കെട്ടില്‍ നിന്ന് നേരിട്ട് നെന്മാറ ജലസംഭരണിയിലേക്ക് പമ്പിംങ് നടത്തുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയതായും ജലഅതോറിറ്റിയും, കൂടാതെ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നാല് ടാങ്കര്‍ ലോറികളിലും ജലവിതരണം നടത്തുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. കൂടാതെ എട്ടിടങ്ങളില്‍ ജലവിതരണ ടാപ്പുകളും സ്ഥാപിക്കും.

വേലയ്ക്ക് എത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് പ്രത്യേക സ്ഥലം ക്രമീകരിക്കാനും, ഇടതടവില്ലാതെ വൈദ്യുതി വിതരണം കാര്യക്ഷമമാക്കുന്നതിനായി കെ.എസ്.ഇ.ബിയുടെ നേതൃത്വത്തില്‍ മൂന്ന് പ്രത്യേക യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുവാനും തീരുമാനിച്ചു. വെടിക്കെട്ട് നടക്കുന്ന ഭാഗങ്ങള്‍ പൂര്‍ണ്ണമായും ബാരിക്കേടുകള്‍ വെച്ച് വേലയ്ക്ക് എത്തുന്നവരെ നിയന്തിക്കുവാനും, എക്‌സൈസ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ വ്യാപകമായ പരിശോധന നടത്താനും യോഗത്തില്‍ തീരുമാനിച്ചു.

യോഗത്തില്‍ ആലത്തൂര്‍ ഡി.വൈ.എസ്.പി. ആര്‍.അശോകന്‍, ആര്‍.ഡി.ഒ. മണികണ്ഠന്‍, നെന്മാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രബിത ജയന്‍, ചിറ്റൂര്‍ തഹസില്‍ദാര്‍ എന്‍.എന്‍. മുഹമ്മദ് റാഫി, വനംവകുപ്പ്, പൊതുമരാമത്ത് വകുപ്പ്, ജലസേചന വകുപ്പ്, ജല അതോറിറ്റി, ശുചിത്വ മിഷന്‍, ആരോഗ്യവകുപ്പ്, നെന്മാറ, വല്ലങ്ങി ദേശം വേലകമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.