പാലക്കാട്: കല്‍മണ്ഡപത്ത് വീട്ടമ്മയെ കത്തികാട്ടി ഭീഷണിപ്പെടുത്തി കെട്ടിയിട്ട ശേഷം അലമാര കുത്തിത്തുറന്നു 57 പവന് സ്വര്‍ണാഭരണവും ഒന്നര ലക്ഷം രൂപയും കവര്‍ന്ന കേസില്‍ 4 പേര് അറസ്റ്റില്‍. കൊല്ലങ്കോട് വടവന്നൂര്‍ കൂത്തന്‍പാക്കം വീട്ടില്‍ സി.സുരേഷ് (34), വടവന്നൂര്‍ കൂത്തന്‍പാക്കം വീട്ടില്‍ പി.വിജയകുമാര്‍ (42), നന്ദിയോട് അയപ്പന്ചള്ള വീട്ടില്‍ സി.റോബിന് (31), വണ്ടിത്താവളം പരുത്തിക്കാട്ടുമട എച്ച്.പ്രദീപ് (38) എന്നിവരെയാണു കസബ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതികളില്‍ നിന്നു സ്വര്‍ണം വാങ്ങി ഉരുക്കി വില്ക്കാന് സഹായിച്ചവരാണ് അറസ്റ്റിലായത്. കവര്‍ച്ച ചെയ്ത സ്വര്‍ണം 18,55,000 രൂപയ്ക്ക് കോയമ്പത്തൂരിലെ വ്യാപാരിക്കു വിറ്റതായി പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. കേസിലെ മുഖ്യപ്രതികളായ 3 പേരില്‍ 2 പേര് പുതുനഗരം സ്വദേശികളാണ്. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.
13നു രാവിലെ 10.45നു പ്രതിഭാനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ് അന്‍സാരി മന്‍സിലില്‍ എം.എം.അന്‍സാരിയുടെ ഭാര്യ ഷെഫീനയെ ആക്രമിച്ചാണു സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നത്. മുന്‍വശത്തെ പൂട്ടിയിട്ട വാതില്‍ തുറന്ന് അകത്തുകയറിയ സംഘം ഷെഫീനയെ കത്തികാട്ടി ഭീഷണിപ്പെടുത്തി വായില്‍ തുണിതിരുകി കയറുകൊണ്ടു ബന്ധിച്ചു. തുടര്‍ന്നു മുറിക്കുള്ളില്‍ കയറി അലമാര തകര്‍ത്ത് ആഭരണങ്ങളും പണവുമായി കടന്നെന്നാണു പൊലീസിനു നല്കിയ മൊഴി.
വീട്ടിലെ ബൈക്കുമായി പുറത്തിറങ്ങിയ പ്രതികള്‍ 100 മീറ്റര്‍ അകലെ ബൈക്ക് ഉപേക്ഷിച്ച് ഓട്ടോറിക്ഷയില്‍ കയറിപ്പോയി.പ്രാരംഭ ഘട്ടത്തില്‍ ഒരു തെളിവും ഇല്ലാതിരുന്ന കേസില്‍ സിസിടിവി കേന്ദ്രീകരിച്ചുള്ള ശാസ്ത്രീയമായ രീതിയിലുള്ള അന്വേഷണമാണു പ്രതികളിലേക്ക് എത്തിച്ചത്.
കേസില്‍ കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നു കസബ ഇന്‍സ്പെക്ടര്‍ എന്‍.എസ്.രാജീവ് അറിയിച്ചു.ജില്ലാ പൊലീസ് മേധാവി ആര്.വിശ്വനാഥ്, പാലക്കാട് എഎസ്പി എ.ഷാഹുല്‍ ഹമീദ് എന്നിവരുടെ മേല്‍നോട്ടത്തില്‍ കസബ ഇന്‍സ്പെക്ടര്‍ എന്‍.എസ്.രാജീവ്, എസ്ഐമാരായ സി.കെ.രാജേഷ്, എ.രംഗനാഥന്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ കെ.ശിവാനന്ദന്, എ.നിഷാദ്, ആര്.രാജീദ്, എ.മാര്ട്ടിന്, സിവില്‍ പൊലീസ് ഓഫിസര്‍ എ.ജയപ്രകാശ്, കുറ്റാന്വേഷണ വിഭാഗത്തിലെ എസ്ഐ കെ.ജലീലിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ്, നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍മാരായ സി.രതീഷ്, വി.രഘു എന്നിവരടങ്ങുന്ന സംഘമാണു കേസ് അന്വേഷിക്കുന്നത്.

Similar News
ആലത്തൂരില്‍ ഒറ്റയ്ക്ക് ഷെഡില്‍ കഴിയുന്ന വയോധികയെ പീഡിപ്പിക്കാൻ ശ്രമം; ബിജെപി പ്രവര്‍ത്തകനെതിരെ കേസ്
കാറിൽ കടത്തിക്കൊണ്ടുവന്ന 22.794 ഗ്രാം മെത്താഫെറ്റമിനുമായി വാണിയമ്പാറ സ്വദേശി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ
ഉറങ്ങിക്കിടന്ന സ്തീയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല കവർന്ന സംഭവത്തിൽ പ്രതിക്ക് ഒരു വർഷം കഠിനതടവും, 10000 രൂപ പിഴയും.