നെന്മാറ: തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിക്കുന്നതിനു വേണ്ടി അറ്റ വേനലിൽ തീറ്റപ്പുൽ വച്ചുപിടിപ്പിക്കുന്നു. അയിലൂർ, നെന്മാറ പഞ്ചായത്തുകളിലാണ് അറ്റ വേനലിൽ തീറ്റപ്പുൽ കൃഷി എന്ന പേരിൽ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നത്. നട്ടു നനച്ച് പരിപാലിക്കുന്ന പച്ചക്കറി മുതൽ ഫലവൃക്ഷങ്ങൾ വരെ വേനലിൽ ഉണങ്ങിപ്പോകുന്ന മീനമാസത്തിലാണ് തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് റോഡരികിലും കനാൽ ബണ്ടുകളിലും തീറ്റപ്പുൽ കൃഷി ചെയ്യിക്കുന്നത്.
നവംബർ, ഡിസംബർ മാസത്തിലെങ്കിലും നടത്താമായിരുന്ന തീറ്റപ്പുൽ നടീൽ അത്യുഷ്ണത്തിന്റെ ഉന്നതിയിൽ നിൽക്കുന്ന മാർച്ച് മാസത്തിൽ നടുന്നതിനെയാണ് പാഴ് വേലയായി ജനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. തൊഴിൽ ദിനങ്ങൾ എണ്ണം വർദ്ധിപ്പിച്ചു കാണിക്കുന്നതിന് വേണ്ടി സാമ്പത്തിക വർഷാവസാനത്തെ ദിവസങ്ങളിൽ സർക്കാർ പ്രഖ്യാപിച്ച മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് വെന്തുരുകുന്ന മീനമാസത്തിൽ തൊഴിലാളികളെ പണിയെടുപ്പിക്കുന്നത്. കടുത്ത ചൂടു മൂലം സൂര്യാഘാതവും, നിർജലീകരണവും റിപ്പോർട്ട് ചെയ്യപ്പെടുന്ന ഉച്ച സമയത്ത് വിശ്രമം നൽകണമെന്ന മാനദണ്ഡം പോലും പാലിക്കാതെയാണ് തൊഴിലുറപ്പ് തൊഴിലാളികൾ പണിയെടുക്കുന്നത്.
ചൂടു മൂലം തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ സമയം രാവിലെ ഏഴുമണിക്ക് ആരംഭിച്ച് 12 മണിക് അവസാനിപ്പിക്കുകയും വൈകിട്ട് മൂന്നിന് ശേഷം തുടങ്ങിയാൽ മതിയൊന്നും നിർദ്ദേശം നിലനിൽക്കവെയാണ് ഈ വിരോധാഭാസം നടക്കുന്നത്. ആവർത്തന സ്വഭാവമുള്ള തൊഴിലുകൾക്ക് നിരോധനം ഉണ്ടെന്ന മറവിലാണ് കന്നുകാലികൾക്കാവശ്യമായ തീറ്റപ്പുൽ കൃഷി തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് ചെയ്യിക്കുന്നത്. തീറ്റപ്പുൽ കമ്പുകൾ നടുന്നതിന് റോഡരികിലും കനാൽ ബണ്ടുകളിലും വാരം എടുക്കുന്നതിന് ഇടമഴ പോലും ലഭിക്കാത്തതിനാലും മണ്ണിൽ ജലാംശം ഇല്ലാത്തതിനാലും തൊഴിലാളികൾ പുല്ലുകൾ ചെത്തിക്കൂട്ടി ഏറെ ബുദ്ധിമുട്ടി താൽക്കാലിക വാരങ്ങളാണ് ഉണ്ടാക്കുന്നത്.
നട്ട തീറ്റപ്പുല്ലുകൾ ഒറ്റ ദിവസം കൊണ്ട് തന്നെ ഉണങ്ങിക്കഴിഞ്ഞെങ്കിലും ഏറെ ബുദ്ധിമുട്ടി ദൂരെ നിന്നും വെള്ളം കൊണ്ടുവന്ന് ചില തൊഴിലാളികൾ നനക്കാനുള്ള വിഫല ശ്രമവും നടത്തുന്നുണ്ട്. ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും തൊഴിലുറപ്പ് നടത്തിപ്പിലെ വികല തീരുമാനങ്ങളും നടപടികളും വിമർശിക്കാൻ ഭരണ പ്രതിപക്ഷ പഞ്ചായത്ത് അംഗങ്ങൾ തയ്യാറാവുന്നില്ല. തൊഴിൽ തടസ്സപ്പെടുത്തി എന്ന ദുഷ്പ്രചരണവും, ദുഷ്പേരും, വോട്ടുബാങ്കിലെ ചോർച്ചയും പേടിച്ചാണ് രാഷ്ട്രീയപാർട്ടികളും മറ്റു സാമൂഹ്യ സംഘടനകളും തൊഴിലുറപ്പിന്റെ പേരിൽ നടത്തുന്ന വികല നയത്തിനെതിരെ കണ്ണടയ്ക്കുന്നത്.
ആസൂത്രണം ഇല്ലാത്ത ഇത്തരം തൊഴിൽ ഉറപ്പു പദ്ധതികൾക്കെതിരെ സോഷ്യൽ ഓഡിറ്റോ, സാമൂഹ്യ വിമർശനമോയില്ലാത്തത് തൊഴിലുറപ്പ് പദ്ധതികൾ വികലമായി നടത്തുന്ന ഓഫീസുകൾക്കും സൗകര്യമാകുന്നുവെന്ന് പൊതുജനം ചൂണ്ടിക്കാട്ടുന്നു. പൊതു ഖജനാവിലെ പണം ഉൽപാദനക്ഷമമല്ലാത്ത പദ്ധതികളിൽ ഇറക്കി നഷ്ടപ്പെടുത്തുന്നതിനാൽ പൊതുസമൂഹത്തിൽ തൊഴിലുറപ്പ് തൊഴിലാളികളെയും മോശക്കാരായി ചിത്രീകരിക്കാൻ ഇടവരുത്തുന്നു. സാധാരണ തൊഴിലുറപ്പ് പദ്ധതികൾ നടത്തുന്ന പ്രദേശത്ത് അടങ്കൽ തുകയും തൊഴിൽ ദിനങ്ങളും മറ്റും രേഖപ്പെടുത്തുന്ന ബോർഡുകൾ വയ്ക്കാറുണ്ടെങ്കിലും തീറ്റപ്പുൽ കൃഷി ചെയ്യുന്ന ഇടങ്ങളിൽ അതും ഒഴിവാക്കിയിരിക്കുന്നു.
Similar News
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.