മംഗലംഡാം: ‘‘തോട്ടിലെ വെള്ളത്തിലിറങ്ങുകയോ മാലിന്യം വലിച്ചെറിയുകയോ ചെയ്യരുത്… ഇത് ഞങ്ങളുടെ കുടിവെള്ളമാണ്’’. കടപ്പാറയിൽ വനഭംഗി ആസ്വദിക്കാനും തോട്ടിലിറങ്ങി ഉല്ലസിക്കാനും വരുന്നവരോട് ഇവിടത്തെ ആദിവാസികളുൾപ്പെടുന്ന അമ്പതോളം കുടുംബങ്ങളുടെ അഭ്യർഥനയാണിത്.കടപ്പാറ തോട്ടിൽ കല്ലിടുക്കുകളിലെ കുഴികളിൽ ശേഷിക്കുന്ന ശുദ്ധജലംകൂടി മലിനപ്പെടുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. കടുത്ത വേനലിൽ സമീപമുള്ള കുന്നിൻചെരുവിലെ ചോലകളെല്ലാം വറ്റിവരണ്ടതോടെയാണ് കുടിവെള്ളം തേടി കടപ്പാറക്കാർ തോട്ടിലേക്കിറങ്ങിയത്.കടപ്പാറത്തോടിന്റെ ഒരു കിലോമീറ്ററോളം മുകൾഭാഗത്തായി കരടിക്കുഴിയെന്ന സ്ഥലത്ത് കല്ലിടുക്കിലെ കുഴിയിൽ തങ്ങിനിൽക്കുന്ന വെള്ളത്തിൽ പൈപ്പിട്ടാണ് വെള്ളം താഴേക്കെത്തിക്കുന്നത്. ഇതിന്റെ മുകൾഭാഗത്തുള്ള തിപ്പിലിക്കയം, ആലിങ്കൽ എന്നിവിടങ്ങളിലാണ് സ്ഥലങ്ങൾ കാണാനെത്തുന്നവർ ഒത്തുകൂടുന്നത്. ചിലർ ഇവിടെ ഭക്ഷണം പാകംചെയ്ത് കഴിക്കും. ചിലർ പൊതികളിലും ഭക്ഷണം കൊണ്ടുവന്ന് ഇവിടെയിരുന്ന് കഴിക്കും. ചിലരുടെ കൈവശം മദ്യവുമുണ്ടാകും. ഇവർ മടങ്ങിപ്പോകുമ്പോൾ പ്ലാസ്റ്റിക് കവറുകളും കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളുമെല്ലാം തോട്ടിലുണ്ടാകും. ഇത് വെള്ളത്തിൽ കലർന്ന് കടപ്പാറക്കാർ കുടിവെള്ളമെടുക്കുന്ന കുഴിയിലെത്തും. കുഴിയിലെ വെള്ളത്തിന് മുകളിൽ ഇപ്പോൾ തന്നെ നേരിയ തോതിൽ പച്ചപ്പായൽ രൂപപ്പെട്ടിട്ടുണ്ട്.അവധിക്കാലം തുടങ്ങുന്നതോടെ കുടുതൽ ആളുകൾ ഇവിടേക്ക് വരുമെന്നും മാലിന്യംതള്ളൽ മൂലം വെള്ളം പൂർണമായും ഉപയോഗശൂന്യമാകുമെന്നുമാണ് ആശങ്ക.കടപ്പാറയിലെത്തുന്ന സന്ദർശകരെ പരിശോധിച്ച് പ്ലാസ്റ്റികും മദ്യവും മറ്റും കൊണ്ടുപോകുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് കടപ്പാറ ആദിവാസിക്കോളനി ഊരുമൂപ്പൻ കെ. വാസു പറയുന്നു. തിപ്പിലിക്കയം, ആലിങ്കൽ എന്നിവിടങ്ങളിൽ കർശനനിരീക്ഷണം ഏർപ്പെടുത്തണം. ഇതിനുള്ള നടപടികൾ പോലീസ്, പഞ്ചായത്ത്, വനംവകുപ്പ് എന്നിവർ ചേർന്ന് എടുക്കണമെന്നും വാസു ആവശ്യപ്പെട്ടു.
കടപ്പാറയിലെ ജനങ്ങൾ പറയുന്നു,‘തോട്ടിൽ മാലിന്യം തള്ളരുത്… ഇത് കുടിവെള്ളമാണ് ’

Similar News
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.