നെന്മാറ: അയിലൂർ പഞ്ചായത്തിലെ കാർഷിക മേഖലകളായ കൽച്ചാടി, വടക്കൻ ചിറ, തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കഴിഞ്ഞ രണ്ടു ദിവസം തുടർച്ചയായി മലയോരമേഖലയിലെ സൗരോർജ്ജ വൈദ്യുത വേലി കൽച്ചാടിയിലും നിരങ്ങൻപാറയിലും തകർത്താണ് കാട്ടാനകൾ കൃഷിയിടങ്ങളിൽ എത്തിയിട്ടുള്ളത്.
കർഷകരായ അബ്ബാസ് ഒറവൻചിറ, കൃഷ്ണൻ, വേണുഗോപാലൻ തുടങ്ങിയവരുടെ കൃഷിയിടങ്ങളിലെ കൃഷികളാണ് നശിപ്പിച്ചത്. അബ്ബാസിന്റെ കൃഷിയിടത്തിലെ മൂന്ന് കമുകുകളും, വേണുഗോപാലന്റെ നാല് കമുകുകളും, കൃഷ്ണന്റെ ഒരു പിഴുത് ചവിട്ടിയൊടിച്ച് നശിപ്പിച്ചിട്ടുണ്ട്. മറ്റു നിരവധി കവുങ്ങുകളും മരങ്ങളും ചാഞ്ഞു നിൽക്കുകയാണ്.
ഭക്ഷ്യയോഗ്യമായ കാർഷികവിളകളാണ് നശിപ്പിക്കാറുണ്ടായിരുന്നത്. പ്രത്യേക മണമുള്ള കവുങ്ങ് ഇലകളോ തണ്ടോ സാധാരണഗതിയിൽ ആനകൾ ഭക്ഷിക്കാറില്ലെങ്കിലും വ്യാപകമായി കഴിഞ്ഞ രാത്രി കാട്ടാനക്കൂട്ടം തള്ളിയിട്ടും പിഴുതും നശിപ്പിച്ചിട്ടുണ്ട് കൂട്ടാതെ തോട്ടത്തിൽ ശേഷിച്ച ചെറിയ തെങ്ങിൻ തൈകളും പറിച്ചു തിന്നിട്ടുണ്ട്. കാട്ടാനക്കുട്ടം നടന്നുപോയ വഴിയിലെ റബ്ബർ മരങ്ങളുടെ താഴ്ന്ന ശിഖരങ്ങളും, കുരുമുളക് വള്ളികൾ പടർത്തിയ കമുകുകളും ഒടിച്ചു കളഞ്ഞിട്ടുണ്ട്.
കൽച്ചാടി പുഴയ്ക്ക് പുറകെയുള്ള വൈദ്യുത വേലിയുടെ അടിയിലൂടെ കടന്ന് അബ്ബാസിന്റെ കൃഷിയിടത്തിലൂടെയാണ് കാട്ടാനക്കൂട്ടം കഴിഞ്ഞ രണ്ടു ദിവസമായി പ്രദേശത്ത് എത്തിയിട്ടുള്ളത്. കൽച്ചാടി പുഴയോരത്തെ വൈദ്യുതവേലി രണ്ടിടങ്ങളിലും, നിരങ്ങൻപാറ ഭാഗത്ത് ഒരിടത്തും കാട്ടാനകൾ തകർത്തിട്ടുണ്ട്. തോട്ടത്തിൽ പ്ലാസ്റ്റിക് ചാക്കുകളിലായി സൂക്ഷിച്ച ജൈവവള ചാക്കുകൾ ഒരിടത്ത് വീശി എറിഞ്ഞ് നശിപ്പിച്ചിട്ടുണ്ട്.
വൈദ്യുത വേലിയുടെ ബാറ്ററി ചാർജ് കൂടുതൽ സമയം നിലനിൽക്കാത്തതിനാൽ അർദ്ധരാത്രി ആവുമ്പോഴേക്കും വൈദ്യുത വേലിയിലെ വൈദ്യുതപ്രവാഹം നിലക്കുകയാണെന്ന് പ്രദേശത്തെ കർഷകർ പരാതിപ്പെട്ടു. വൈദ്യുതപ്രവാഹം നിലക്കുന്നതോടെ കാട്ടാനക്കും മറ്റു മൃഗങ്ങൾക്കും കൃഷിസ്ഥലങ്ങളിലേക്ക് വരാൻ തടസ്സമില്ലാതാകുകയാണെന്നും ബാറ്ററിയുടെയും വൈദ്യുത വേലിയുടെയും അറ്റകുറ്റപ്പണി അത്യാവശ്യമായി നടത്തണമെന്നും മേഖലയിൽ വനം വകുപ്പ് ആർ. ആർ. ടി.യുടെ സേവനം രാത്രിയും പകലും ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും പ്രദേശവാസികൾ പറഞ്ഞു.
കാട്ടുപന്നി, മാൻ, കുരങ്ങ്, മലയണ്ണാൻ, മയ്യിൽ തുടങ്ങിയവയും വ്യാപകമായ കൃഷിനാശം വരുത്തുന്നുണ്ട്. കാട്ടാനകളെ ഉൾക്കാട്ടിലേക്ക് കയറ്റി വിടുന്നതിനുള്ള നടപടി വനം വകുപ്പ് സ്വീകരിക്കാത്തതാണ് തുടർച്ചയായി ഉണ്ടാകുന്ന കൃഷിനാശത്തിന് കാരണമെന്ന് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്‌സ് അസോസിയേഷൻ (കിഫ) ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
Similar News
ദേശീയ പാതയിലെ വമ്പൻ കുഴിയിൽ വാഴ നട്ട് വാണിയമ്പാറയിൽ ഒറ്റയാൾ പ്രതിഷേധം.
പനംകുറ്റിയില്‍ വിളകളൊന്നും ശേഷിപ്പിക്കാതെ കാട്ടാനകളുടെ വിളയാട്ടം
തൃശൂര്‍ -പാലക്കാട് ദേശീയപാതയില്‍ പതിനഞ്ചിടത്ത് നിര്‍മാണപ്രവൃത്തികള്‍