വി.ആർ.ടിയിൽ കുഴൽക്കിണറുകളിൽ വെള്ളമുണ്ട്, തുള്ളി കുടിക്കാനില്ല.

മംഗലംഡാം: കൺമുന്നിൽ വേണ്ടുവോളം വെള്ളമുള്ള രണ്ട്‌ കുഴൽക്കിണറുകളുണ്ട്. പക്ഷേ, പമ്പിങ് നടക്കാത്തതിനാൽ കുടിക്കാൻ ഒരുതുള്ളിപോലും കിട്ടില്ല.മലഞ്ചെരുവിലെ തോട്ടിൽ കുഴിച്ചകുഴിയിൽ നേരിയ തോതിൽ ശേഷിക്കുന്ന ഉറവയാണ് മലയോരഗ്രാമമായ വി.ആർ.ടി., വട്ടപ്പാറ മേഖലകളിലുള്ള 87 കുടുംബങ്ങളുടെ കുടിവെള്ളത്തിനാശ്രയം. വേനൽ കടുത്തതോടെ ഏതുനിമിഷവും ഉറവ വറ്റുമോയെന്ന ആശങ്കയുമുണ്ട്.കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും കിഴക്കഞ്ചേരി പഞ്ചായത്തിൽനിന്ന് കാര്യക്ഷമമായ ഇടപെടലുകളുമില്ല. വി.ആർ.ടി. കവലയ്ക്കുസമീപത്തും രാജ്‌മേസ്തിരി പാലത്തിനുസമീപവുമാണ് കുഴൽക്കിണറുകളുള്ളത്.

വി.ആർ.ടി. കവലയ്ക്കുസമീപം കുഴൽക്കിണർ കുഴിച്ചത് ഒരുവർഷംമുമ്പാണ്. മൂന്നുമണിക്കൂർ തുടർച്ചയായി മോട്ടോർ അടിച്ച് വെള്ളമുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ, ഇപ്പോഴും സ്ഥിരമായി മോട്ടോർ ഘടിപ്പിച്ച് പമ്പിങ് തുടങ്ങിയിട്ടില്ല. ചാക്കുകൊണ്ട് മൂടിയിട്ടിരിക്കുകയാണ് കുഴൽക്കിണർ. രാജ്‌മേസ്തിരി ഭാഗത്തുള്ള കുഴൽക്കിണറിൽനിന്ന് പമ്പിങ് നടന്നിരുന്നതാണ്. തകരാറിനെത്തുടർന്ന് രണ്ടുവർഷമായി മുടങ്ങി.ഇത്തവണ വേനൽമഴ ലഭിക്കാത്തതും പ്രദേശത്തുകാർക്ക് തിരിച്ചടിയായി. മഴ ലഭിച്ചിരുന്നെങ്കിൽ തോട്ടിലെ കുഴിയിൽ ഉറവ ശക്തിപ്പെടുകയും ആവശ്യത്തിന് വെള്ളം ലഭിക്കുമായിരുന്നെന്നും പ്രദേശവാസിയായ കരുണാകരൻ വെട്ടുകല്ലുംപുറത്ത് പറയുന്നു. താമസസ്ഥലത്തുനിന്ന് രണ്ടുകിലോമീറ്റർ മുകളിലാണ് തോട്ടിൽ കുഴികുത്തിയിട്ടുള്ളത്.

ഇവിടെനിന്ന് ഓസിലൂടെയാണ് വെള്ളമെത്തിക്കുന്നത്. വെള്ളം കുറവായതിനാൽ ഓരോ ഭാഗത്തെയും വീട്ടുകാർ സമയക്രമം നിശ്ചയിച്ചാണ് വെള്ളംപിടിക്കുന്നത്. മുകൾഭാഗത്തുള്ള വീട്ടുകാർ വെള്ളം പിടിച്ചശേഷം ഓസ് അടച്ചാൽ മാത്രമേ താഴേക്ക് വെള്ളമെത്തുകയുള്ളൂ. ചിലപ്പോൾ വെള്ളംവരവ് നിൽക്കും.പ്രശ്നമെന്താണെന്ന് നോക്കാൻ രണ്ടുകിലോമീറ്റർ കുന്നുകയറി കുഴിയുടെ അടുത്തെത്തണം. ചിലപ്പോൾ ഓസിൽ എന്തെങ്കിലും തടസ്സങ്ങളുണ്ടാകും.അല്ലെങ്കിൽ കാട്ടുമൃഗങ്ങൾ ഓസ് നശിപ്പിച്ചിട്ടുണ്ടാകുമെന്ന് പ്രദേശവാസിയായ ജയിംസ് ചെത്തിമറ്റം പറയുന്നു. ഇത് ശരിയാക്കി വീണ്ടും വെള്ളം ഒഴുകിയെത്താനായി മണിക്കൂറുകൾ കാത്തിരിക്കണം. എത്രയും വേഗം കുഴൽക്കിണറുകളിൽനിന്ന് പമ്പിങ് തുടങ്ങാനുള്ള നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. പമ്പിങ് നടത്താനുള്ള നടപടികളായിവി.ആർ.ടി. കവലയ്ക്കുസമീപം കുഴിച്ച കുഴൽക്കിണറിൽ മോട്ടോർ ഘടിപ്പിച്ച് പൈപ്പിട്ട് വീടുകളിൽ കണക്ഷൻ നൽകുന്നതിനായി അഞ്ചുലക്ഷം രൂപയുടെ കരാർനടപടികൾ പൂർത്തിയായിട്ടുണ്ട്. ഉടൻ ജോലികൾ ആരംഭിക്കും. രാജ്‌മേസ്തിരി പാലത്തിനുസമീപമുള്ള കുഴൽക്കിണർ തകരാറിലായ വിവരമറിഞ്ഞിട്ടില്ല. പരിശോധിച്ച് നടപടി സ്വീകരിക്കും. കുടിവെള്ളം കിട്ടാത്ത സ്ഥിതിയുണ്ടായാൽ ടാങ്കറിൽ വെള്ളമെത്തിക്കുമെന്ന് കിഴക്കഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവൻ അറിയിച്ചു.

THRISSUR GOLDEN
THRISSUR GOLDEN
IMG-20211113-WA0002
IMG-20211113-WA0002
previous arrow
next arrow