റെയിൽ പാളത്തില്‍ കയറിയാല്‍ ഇനി പിടിവീഴും.

പാലക്കാട്: റെയില്‍വേ ഭൂമിയിലേക്കും, പാളങ്ങളിലേക്കും അതിക്രമിച്ച്‌ കടക്കുന്നവരില്‍നിന്ന് പിഴ കര്‍ശനമാക്കി റയില്‍വെ. റെയില്‍വേ ആക്‌ട്147 പ്രകാരമാണ് പിഴ. 1000 രൂപയോ മൂന്ന് മാസം തടവോ ലഭിക്കും. ഇവ രണ്ടും കൂടി ലഭിക്കാനും സാധ്യതയുണ്ട്. പിഴയും നടപടികളും നേരത്തെ ഉണ്ടെങ്കിലും അപകടങ്ങള്‍ വര്‍ധിച്ചതോടെ കര്‍ശനമാക്കുകയാണ്.

ഏപ്രില്‍ 15 വരെ പാലക്കാട് ഡിവിഷനില്‍ മാത്രം 100ലേറെ പേര്‍ ട്രെയിന്‍ തട്ടി മരിച്ചു. പലരും പാളം മുറിച്ച്‌ കടക്കുമ്പോഴാണ് അപകടത്തില്‍പെട്ടത്. ട്രെയിനിന്റെ വാതിലില്‍ നില്‍ക്കുമ്പോൾ വീണും അപകടമുണ്ടായി.

നിയമ ലംഘനങ്ങള്‍ക്ക് പാലക്കാട് ഡിവിഷനില്‍ 2021-ല്‍ 2056ഉം 2022-ല്‍ 2120 കേസും രജിസ്റ്റര്‍ ചെയ്തു. 2023 മാര്‍ച്ച്‌ വരെ 831 കേസ് രജിസ്റ്റര്‍ ചെയ്യുകയും 2.17 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തു. അപകടങ്ങള്‍ കാരണം ട്രെയിനുകള്‍ പിടിച്ചിടുകയും വൈകുകയും ചെയ്യുന്നത് പതിവായി.

ഇവയെല്ലാം ഒഴിവാക്കാനാണ് ആര്‍പിഎഫ് പരിശോധന കടുപ്പിക്കുന്നത്. ജനവാസ മേഖലയ്ക്കുസമീപം പാളംകടന്നുപോകുന്ന ഇടങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡും ആര്‍പിഎഫ് പട്രോളിങും ഉണ്ടാകും. പ്രദേശവാസികളുടെ സഹകരണത്തോടെയാകും നടപടി.