നെന്മാറ: നെന്മാറ വനം ഡിവിഷനിലെ അയിലൂര്‍ പഞ്ചായത്തിലെ കാര്‍ഷിക മേഖലകളായ കല്‍ച്ചാടി, വടക്കന്‍ ചിറ തുടങ്ങിയ പ്രദേശങ്ങളില്‍ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കഴിഞ്ഞ രണ്ടു ദിവസം തുടര്‍ച്ചയായി മലയോരമേഖലയിലെ സൗരോര്‍ജ വൈദ്യുത വേലി കല്‍ച്ചാടിയിലും നിരങ്ങന്‍പാറയിലും തകര്‍ത്താണ് കാട്ടാനകള്‍ കൃഷിയിടങ്ങളില്‍ എത്തിയിട്ടുള്ളത്.
കര്‍ഷകരായ അബ്ബാസ് ഒറവന്‍ചിറ, എല്‍ദോസ് പണ്ടിക്കുടി, അബ്രഹാം, കൃഷ്ണന് തുടങ്ങിയവരുടെ കൃഷിയിടങ്ങളിലെ ചെറിയ കമുകുകള്‍ പിഴുതെറിഞ്ഞും റബര്‍ മരങ്ങള്‍ തള്ളിയിട്ടും കുരുമുളക് താങ്ങു മരങ്ങള്‍ മറിച്ചിട്ടും കനാല്‍ ബണ്ടിന് അരികില്‍ വളര്‍ത്തിയ വാഴകള്‍ തിന്നും ചവിട്ടിയും ചവിട്ടിയുമാണ് നശിപ്പിച്ചിരിക്കുന്നത്. മാസങ്ങള്‍ മാത്രം പ്രായമുള്ള ചെറിയ ആനക്കുട്ടികള്‍ വരെ സംഘത്തില്‍ ഉണ്ടെന്ന് കര്‍ഷകര്‍ പറഞ്ഞു. എണ്ണം കൂടുതലുള്ളതിനാല്‍ എല്ലാ കൃഷിയിടങ്ങളിലും കാട്ടാനകള്‍ വ്യാപക നാശം വരുത്തി. മോട്ടോര്‍ പമ്പുകളില്‍ നിന്ന് വെള്ളമെടുക്കുന്ന കുഴലുകളും നശിപ്പിച്ചിട്ടുണ്ട്.
കല്‍ച്ചാടി പുഴയ്ക്ക് കുറുകെയുള്ള വൈദ്യുത വേലിയുടെ അടിയിലൂടെ കടന്നാണ് കാട്ടാനക്കൂട്ടം കഴിഞ്ഞ രണ്ടു ദിവസമായി പ്രദേശത്ത് എത്തിയിട്ടുള്ളത്. കല്‍ച്ചാടി പുഴയോരത്തെ വൈദ്യുതവേലി രണ്ടിടങ്ങളിലും നിരങ്ങന്‍പാറ ഭാഗത്ത് ഒരിടത്തും കാട്ടാനകള്‍ തകര്‍ത്തിട്ടുണ്ട്. വൈദ്യുത വേലിയുടെ ബാറ്ററി ചാര്‍ജ് കൂടുതല്‍ സമയം നിലനില്ക്കാത്തതിനാല് രാത്രി 11 മണിയാവുമ്പോഴേക്കും വൈദ്യുത വേലിയിലെ വൈദ്യുതപ്രവാഹം നിലയ്ക്കുന്നതാണ് വൈദ്യുത വേലി തകര്‍ക്കുന്നതിനും കാട്ടാനകള്‍ കൃഷിയിടങ്ങളില്‍ എത്തുന്നതിനും കാരണമായതെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
വൈദ്യുത വേലിയുടെ ബാറ്ററിയുടെ ശേഷിക്കുറവും അറ്റകുറ്റപ്പണി നടത്തല്‍ എന്നിവ ദ്രുതഗതിയില്‍ നടത്തണമെന്നും ദ്രുത പ്രതിരോധ സേനയുടെ (ആര്‍ആര്‍ടി) സേവനം രാത്രിയും പകലും ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികള്‍ പറഞ്ഞു. കാട്ടുപന്നി, മാന്‍, കുരങ്ങ്, മലയണ്ണാന്, മയില്‍ തുടങ്ങിയവയും വ്യാപകമായി പ്രദേശത്ത് കൃഷിനാശം വരുത്തുന്നുണ്ട്. കാട്ടാനകളെ ഉള്‍ക്കാട്ടിലേക്ക് കയറ്റി വിടുന്നതിനുള്ള നടപടി വനം വകുപ്പ് സ്വീകരിക്കാത്തതാണ് തുടര്‍ച്ചയായി ഉണ്ടാകുന്ന കൃഷിനാശത്തിന് കാരണമെന്ന് കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്സ് അസോസിയേഷന് (കിഫ) ഭാരവാഹികളായ അബ്ബാസ്, അബ്രഹാം, ബാബു എന്നിവര്‍ പറഞ്ഞു.
Similar News
ദേശീയ പാതയിലെ വമ്പൻ കുഴിയിൽ വാഴ നട്ട് വാണിയമ്പാറയിൽ ഒറ്റയാൾ പ്രതിഷേധം.
പനംകുറ്റിയില്‍ വിളകളൊന്നും ശേഷിപ്പിക്കാതെ കാട്ടാനകളുടെ വിളയാട്ടം
തൃശൂര്‍ -പാലക്കാട് ദേശീയപാതയില്‍ പതിനഞ്ചിടത്ത് നിര്‍മാണപ്രവൃത്തികള്‍