സുഹൃത്തുക്കളിൽ നിന്ന് പണവും, ആഭരണങ്ങളും തട്ടിയെടുത്ത കേസിൽ വനിതാ എ.എസ്.ഐ അറസ്റ്റിൽ.

പാലക്കാട്: സുഹൃത്തുക്കളായ രണ്ടുപേരിൽ നിന്ന് 10.25 ലക്ഷം രൂപയും, 93 പവൻ ആഭരണങ്ങളും തട്ടിയ വനിതാ എ.എസ്.ഐ അറസ്റ്റിൽ. മലപ്പുറം വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെ വനിതാ എ.എസ്.ഐ ആര്യശ്രീയെ (47) ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി ഇവരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു.

പഴയന്നൂർ സ്വദേശിനിയിൽ നിന്ന് 93 പവനും, ഒന്നരലക്ഷം രൂപയും, ഒറ്റപ്പാലം കണ്ണിയംപുറം സ്വദേശിയിൽ നിന്ന് 8.75 ലക്ഷം രൂപയും തട്ടിയെടുത്തെന്നാണ് പരാതി. കണ്ണിയംപുറം സ്വദേശി വിദേശത്ത് എൻജിനീയറായിരുന്നു. അഞ്ചുലക്ഷം രൂപ നിക്ഷേപിച്ചാൽ മാസം 25,000 രൂപ വീതം നൽകാമെന്നും എപ്പോൾ ആവശ്യപ്പെട്ടാലും നിക്ഷേപം മുഴുവനായി മടക്കി നൽകാമെന്നും ധരിപ്പിച്ചാണ് ഇയാളിൽ നിന്ന് ഉദ്യോഗസ്ഥ പണം തട്ടിയത്.

ഉദ്യോഗസ്ഥ എടുത്ത ഭവന വായ്പ താൻ അടച്ചു തീർക്കാമെന്നും അതിനുശേഷം ആഭരണം തിരികെ നൽകാമെന്നുമായിരുന്നു വാഗ്ദാനം. മലപ്പുറം പൊലീസ് സൊസൈറ്റിയിൽ അടയ്ക്കാനെന്ന പേരിൽ 50,000 രൂപയും, ഭർത്താവിന് വിദേശത്ത് പോകാൻ 50,000 രൂപയും, ഡ്രൈവറുടെ ചോർന്നൊലിക്കുന്ന വീട് നന്നാക്കാൻ 50,000 രൂപയും ഇവരിൽ നിന്ന് വാങ്ങി. ഉറപ്പുകൾ പാലിക്കാതെ വന്നതോടെ ഇയാൾ പോലീസിൽ പരാതിപ്പെടുകയായിരുന്നു.

ഉദ്യോഗസ്ഥയ്ക്കെതിരായ പരാതിയിൽ ഒറ്റപ്പാലം ഇൻസ്‌പെക്ടർ എം.സുജിത്ത് നടത്തിയ അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടതോടെയാണ് ആര്യശ്രീയെ അറസ്റ്റ് ചെയ്‌തത്. വിശ്വാസ വഞ്ചന, ചതി തുടങ്ങിയ വകുപ്പുകളിലാണ് കേസ്. കോടതിയിൽ ഹാജരാക്കിയ ആര്യശ്രീയെ റിമാൻഡ് ചെയ്തു. ഇത് കൂടാതെ മറ്റൊരു ചെക്ക് കേസുകൂടി ഇവർക്കെതിരെ ഉണ്ട്.