വിജിലന്‍സില്‍ ഡ്രൈവര്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ ആലത്തൂർ സ്വദേശിയായ യുവതി പിടിയില്‍.

ആലത്തൂർ: വിജിലന്‍സില്‍ ഡ്രൈവറുടെ ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ പണം തട്ടിയ യുവതി പിടിയില്‍. ആലത്തൂര്‍ വെങ്ങന്നൂര്‍ ആലക്കല്‍ വീട്ടില്‍ 26 കാരിയായ രേഷ്മ രാജനാണ് ഗുരുവായൂര്‍ ടെമ്പിള്‍ പോലീസിന്റെ പിടിയിലായത്.

ചാവക്കാട് സ്വദേശി ശ്രീദത്തില്‍ നിന്ന് 34,000 രൂപയും, ബ്രഹ്മകുളം സ്വദേശി ആഷിക്കില്‍ നിന്നും 36,000 രൂപയുമാണ് രേഷ്മ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത്. ഇരുവരും ഗൂഗിള്‍ പേ വഴിയാണ് രേഷ്മയ്ക്ക് പണം അയച്ചു നല്‍കിയത്. തട്ടിപ്പിനിരയായെന്ന് മനസ്സിലായതോടെയാണ് ഇരുവരും പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതിയെ പിടികൂടിയത്.

സമാനമായ തട്ടിപ്പ് നടത്തിയതിന് കോട്ടയം കറുകച്ചാല്‍ പോലീസ് സ്റ്റേഷനില്‍ രേഷ്മയ്‌ക്കെതിരെ കേസുണ്ട്. ഗുരുവായൂര്‍ ദേവസ്വത്തില്‍ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് പണം വാങ്ങി തട്ടിപ്പ് നടത്തിയതിന് പാലക്കാട് ടൗണ്‍ നോര്‍ത്ത് സ്റ്റേഷനിലും രേഷ്മയ്ക്ക് കേസ്സുള്ളതായി പോലീസ് വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.