വടക്കഞ്ചേരി: കനത്ത കാറ്റിലും മഴയിലും കിഴക്കഞ്ചേരി, പുന്നപ്പാടം, തച്ചക്കോട്, കൊറ്റംകോട് പ്രദേശങ്ങളില്‍ നിരവധി വീടുകള്‍ തകര്‍ന്നു. പുന്നപ്പാടം പ്രഭാകരന്, കൊറ്റംകോട് കെ.വി.രാജന്, ഉമ്മര്‍, ഗോപാലന്, ഷിഹാബുദീന്‍ തുടങ്ങിയവരുടെ വീടുകള്‍ക്ക് മുകളില്‍ മരം കടപുഴകി വീണു. നിരവധി കൃഷി സ്ഥലങ്ങളും നശിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് വീശിയടിച്ച കാറ്റിലാണ് നാശനഷ്ടമുണ്ടായത്.
നെന്മാറ: അയിലൂര്‍ പഞ്ചായത്തിലെ പട്ടുകാട്, കൈതച്ചിറ പ്രദേശങ്ങളില്‍ ഇന്നലെ വൈകീട്ട് നാലു മണിയോടെ ഉണ്ടായ ചുഴലി കാറ്റിലും, മഴയിലും നിരവധി വീടുകള്‍ക്ക് മുകളില്‍ മരങ്ങളും, മരക്കൊമ്പുകളും പൊട്ടിവീണ് കേടുപാടുകള്‍ സംഭവിച്ചു. ഒട്ടേറെ വൈദ്യുതി പോസ്റ്റുകളും, ഇന്‍സുലേറ്ററുകളും മരങ്ങള്‍ ഒടിഞ്ഞു വീണും ചാഞ്ഞും നാശം സംഭവിച്ചു. വൈകിട്ട് നാലുമണിയോടെ ഉണ്ടായ കാറ്റും മഴയും 15 മിനിറ്റ് മാത്രം നീണ്ടുനിന്നെങ്കിലും വ്യാപക നാശനഷ്ടമാണ് മേഖലയില്‍ ഉണ്ടാക്കിയത്.

തടി കയറ്റി ഓടിക്കൊണ്ടിരുന്ന വണ്ടാനത്ത് അനുവിന്റെ മിനി ലോറിക്ക് മുകളില്‍ വൈദ്യുതി പോസ്റ്റുകള്‍ പുഴങ്ങി വീണു. മിനി ലോറിക്ക് അകത്ത് ഉണ്ടായിരുന്ന ചുമട്ടുതൊഴിലാളി വിജയന് കാലിന് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടി. ലോറിക്ക് മുകളില്‍ വീണ വൈദ്യുതി ലൈന്‍ വാഹനത്തിന് അകത്തുണ്ടായിരുന്നവര്‍ക്ക് ആശങ്ക ഉണ്ടാക്കിയതിനാല്‍ കെഎസ്ഇബി അധികൃതരെ അറിയിച്ച ശേഷമാണ് വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞത്.
പട്ടുകാട് സുബ്രഹ്മണ്യന്റെ വീടിന് മുകളില്‍ പ്ലാവ് കടപുഴകി വീണ് ഭാഗികമായി വീട് തകര്‍ന്നു. ശക്തമായ ചുഴലിക്കാറ്റില്‍ പട്ടുകാട് ആത്തിക്കയുടെ മേല്‍പ്പുര മറിഞ്ഞുവീണു. തങ്കമണി കൈതച്ചിറ, ചെല്ലപ്പന് പാട്ടുകാട്, യൂസഫ് പൊറ്റ, കമലം കൈതച്ചിറ എന്നിവരുടെ വീടുകള്‍ക്ക് മുകളിലും മരങ്ങളും, കൊമ്പുകളും പൊട്ടിവീണ് നാശനഷ്ടം ഉണ്ടായി. കൈതച്ചിറ നാലാംകുപ്പിലെ ബാലകൃഷ്ണന്, വിജയന്, ശശി, ബാബു എന്നിവരുടെ റബ്ബര്‍ മരങ്ങളാണ് ശക്തമായ ചുഴലിക്കാറ്റില്‍ കടപുഴകിയും മുറിഞ്ഞുമായി വീണത്. കാറ്റില്‍ പ്രദേശത്തെ വാഴകളും മറ്റു ഫലവൃക്ഷങ്ങള്‍ക്കും വ്യാപകമായി നാശം സംഭവിച്ചു.
കൈതച്ചിറ റോഡില്‍ മരങ്ങള്‍ വീണ് ഗതാഗത തടസമുണ്ടായത് പ്രദേശവാസികള്‍ മരങ്ങള്‍ വെട്ടി മാറ്റി വൈകിട്ട് ആറരയോടെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. മഴയിലും ചുഴലിക്കാറ്റിലും നാശം നഷ്ടമുണ്ടായ സ്ഥലങ്ങള്‍ വകുപ്പ് അധികൃതര്‍ സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തി. വൈദ്യുതി ലൈനും പോസ്റ്റുകളും പൊട്ടിവീണ കൈതച്ചിറ, പട്ടുകാട് പ്രദേശങ്ങളിലൊഴികെ മറ്റു പ്രദേശങ്ങളിലെ വൈദ്യുതി ബന്ധം വൈകിട്ട് ആറരയോടെ പുനസ്ഥാപിച്ചു.

Similar News
ദേശീയ പാതയിലെ വമ്പൻ കുഴിയിൽ വാഴ നട്ട് വാണിയമ്പാറയിൽ ഒറ്റയാൾ പ്രതിഷേധം.
പനംകുറ്റിയില്‍ വിളകളൊന്നും ശേഷിപ്പിക്കാതെ കാട്ടാനകളുടെ വിളയാട്ടം
തൃശൂര്‍ -പാലക്കാട് ദേശീയപാതയില്‍ പതിനഞ്ചിടത്ത് നിര്‍മാണപ്രവൃത്തികള്‍