തായ്‌ലന്‍ഡ് ടൂര്‍ പാക്കേജിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയ കുഴൽമന്ദം സ്വദേശിയായ ട്രാവല്‍ ഏജന്റ് പിടിയില്‍.

കുഴൽമന്ദം: തായ്‌ലൻഡിലേക്ക് വിദേശ ടൂര്‍ പാക്കേജ് വാഗ്ദാനം ചെയ്ത് കബളിപ്പിച്ച്‌ പണം തട്ടിയ കേസില്‍ ട്രാവല്‍ ഏജന്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുഴൽമന്ദം കോട്ടായി പുളിനെല്ലി ഭാഗത്ത് പുളിയൻകാട് വീട്ടില്‍ അഖില്‍ എന്ന ബ്രിജേഷ് പി.കെ (42) എന്നയാളാണ് അറസ്റ്റിലായത്. കുമരകം പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.

തൃശ്ശൂര്‍ സ്വദേശിയായ യുവാവും, സംഘവും കഴിഞ്ഞ മാസം തായ്‌ലൻഡിലേക്ക് ടൂര്‍ പോകുന്നതിനായി ഏറ്റുമാനൂരില്‍ പ്രവര്‍ത്തിക്കുന്ന ബ്രിജേഷിന്റെ ട്രാവല്‍ ഏജൻസിയായ “ട്രാവല്‍ കെയര്‍” ഏജൻസിയെ സമീപിച്ചിരുന്നു. തായ്‌ലൻഡില്‍ ടൂര്‍ പാക്കേജ് നല്‍കാമെന്നും ഇതിനായി 2,51,400 രൂപ അടയ്ക്കണമെന്നും ബ്രിജേഷ് പറയുകയും ഇവര്‍ പണം അടയ്ക്കുകയുമായിരുന്നു. നെടുമ്പാശേരിയില്‍ നിന്ന് തായ്‌ലൻഡില്‍ എത്തിയ സംഘത്തിന് വാഗ്ദാനം ചെയ്ത ടൂര്‍ പാക്കേജില്‍ പറഞ്ഞിരുന്ന പ്രോഗ്രാമുകള്‍ ഒന്നും ലഭിച്ചില്ല.

തുടര്‍ന്ന് ഇവര്‍ അവിടുത്തെ ഏജൻസിയെ സമീപിച്ചപ്പോള്‍ ബ്രിജേഷ് അവിടെ പണം അടച്ചിട്ടില്ല എന്ന് മനസ്സിലായി. തങ്ങള്‍ കബളിപ്പിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞ് ഇയാളുടെ മൊബൈലില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച്‌ ഓഫ് ആയിരുന്നു. തുടര്‍ന്ന് യാത്രാ സംഘം അവിടുത്തെ ഏജൻസിയില്‍ പണമടച്ചാണ് നാട്ടിലെത്തിയത്.

ഇവരുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലെ അന്വേഷണസംഘം നടത്തിയ തിരച്ചിലിനൊടുവില്‍ ഇയാളെ മാരാരിക്കുളത്തുനിന്നും പിടികൂടുകയുമായിരുന്നു. കുമരകം സ്റ്റേഷൻ എസ്.എച്ച്‌.ഒ ബിൻസ് ജോസഫ്, സി.പി.ഒമാരായ ഷൈജു കുരുവിള, അഭിലാഷ്, രാജു, ഹരിലാല്‍, സെബാസ്റ്റ്യൻ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.