കുഴല്‍പ്പണം തട്ടിപ്പ് കേസിലെ ലോറി ഉടമ കീഴടങ്ങി.

പാലക്കാട്: പുതുശ്ശേരി ഹൈവേയില്‍ കഴിഞ്ഞ ശനിയാഴ്ച കാര്‍ തടഞ്ഞ് നാലരക്കോടിയുടെ കുഴല്‍പ്പണം തട്ടിയെടുത്ത കേസില്‍ ഉള്‍പ്പെട്ട ടിപ്പര്‍ ലോറി ഉടമ കോടതിയില്‍ കീഴടങ്ങി. പണവുമായെത്തിയ കാര്‍ തടയാനുപയോഗിച്ച ടിപ്പര്‍ ഉടമ കോങ്ങാട് ചെറായ ചിങ്ങത്ത് വീട് സന്തോഷ്(35) ആണ് ഇന്നലെ പാലക്കാട് ജെ. എഫ്.സി.എം 2 കോടതിയില്‍ കീഴടങ്ങിയത്. കോടതി ഇയാളെ 4 ദിവസത്തേക്ക് കസ്റ്റഡയില്‍ വിട്ടു. ഇയാളില്‍ നിന്നു രണ്ടു ലക്ഷത്തോളം രൂപ പൊലീസ് കണ്ടെടുത്തിട്ടുണ്ടെന്നാണ് വിവരം.

കഴിഞ്ഞ ബുധനാഴ്ച മൂന്നു പ്രതികളെ കസബ പൊലീസ് വിവിധയിടങ്ങളില്‍ നിന്നായി പിടികൂടിയിരുന്നു. തൃശൂര്‍ ഈസ്റ്റ്‌കോടാലി സ്വദേശി വിജില്‍ (35), പാലക്കാട് കോങ്ങാട് സ്വദേശി അസീസ്(34), കൊളപ്പടം മണിക്കാശേരി വിനോദ് (45) എന്നിവരാണ് അറസ്റ്റിലായിരുന്നത്. ഇവരെ ഇന്നലെ രാവിലെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നിന്റെ ചുമതലയുള്ള ജെഎഫ്.സി.എം 2 കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവരെ അടുത്ത ദിവസം കസ്റ്റഡയില്‍ വാങ്ങുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കസബ ഇൻസ്‌പെക്ടര്‍ എൻ.എസ്.രാജീവ് പറഞ്ഞു.