ഒന്നരവര്‍ഷം മുമ്പ് മരിച്ചയാള്‍ക്ക് എഐ ക്യാമറയുടെ നോട്ടീസ്.

പാലക്കാട്: ഒന്നര വര്‍ഷം മുമ്പ് മരിച്ച അച്ഛൻ ഗതാഗത നിയമലംഘനം നടത്തിയെന്ന് നോട്ടീസ് ലഭിച്ചിരിക്കുകയാണ് പാലക്കാട് സ്വദേശി വിനോദിന്. അച്ഛൻ്റെ ഇരുചക്ര വാഹനത്തിലെ പിൻസീറ്റ് യാത്രക്കാരിക്ക് ഹെല്‍മറ്റ് ഇല്ലെന്നാണ് എഐ ക്യാമറ കണ്ടെത്തിയിരിക്കുന്നത്. പഞ്ചറായി കിടക്കുന്ന വണ്ടി അച്ഛൻ മരിച്ച ശേഷം പുറത്തു പോലും എടുത്തിട്ടില്ലെന്ന് മക്കള്‍ പറയുന്നു.

പാലക്കാട് കാവില്‍പ്പാട് സ്വദേശിയായ ചന്ദ്രശേഖരൻ 89ാമത്തെ വയസ്സിലാണ് മരിച്ചത്. ഒന്നരവര്‍ഷം മുമ്പായിരുന്നു മരണം. മരിക്കുന്നതിന് 7 മാസം മുമ്പ് അദ്ദേഹം അല്‍ഷിമേഴ്സ് ബാധിച്ച്‌ കിടപ്പിലായിരുന്നു. അദ്ദേഹത്തിന്റെ വണ്ടി ഇവിടെയുണ്ട്. ഈ വാഹനത്തില്‍ യാത്ര ചെയ്തതിനാണ് ഇപ്പോള്‍ എഐ ക്യാമറയുടെ നോട്ടീസ് വന്നിരിക്കുന്നത്. പിൻസീറ്റിലിരുന്ന യാത്രക്കാരിക്ക് ഹെല്‍മെറ്റ് ഇല്ലാത്തതിന്റെ പേരിലാണ് പിഴ നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ്. ഇതിന്റെ ഞെട്ടലിലാണ് ചന്ദ്രശേഖരന്റെ കുടുംബം.

‘ഞങ്ങളാരും അച്ഛന്റെ വണ്ടി തൊടാറേയില്ലായിരുന്നു. കഴിഞ്ഞ ഒന്നരവര്‍ഷമായി വാഹനം പുറത്തേക്ക് എടുത്തിട്ടില്ല’ എന്നും ചന്ദ്രശേഖരന്റെ കുടുംബം പറയുന്നു. ഇനി എന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന്, അച്ഛനെ അറസ്റ്റ് ചെയ്ത് പോകട്ടെ, അല്ലാതെന്ത് ചെയ്യും? എന്നാണ് കുടുംബത്തിന്‍റെ ചോദ്യം.