വടക്കഞ്ചേരിയിൽ പെയിന്റിങ് തൊഴിലാളിയുടെ കൈയിൽ നിന്ന് പണവും, ഫോണും കവര്‍ന്ന കേസിൽ രണ്ടുപേര്‍ പിടിയിൽ.

വടക്കഞ്ചേരി: വടക്കഞ്ചേരിയില്‍ പെയിന്റിങ് തൊഴിലാളിയെ ആക്രമിച്ച് പണവും, മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. തേങ്കുറിശ്ശി സ്വദേശി ബാലന്റെ പരാതിയിലാണ് നേരത്തെയും സമാന കവര്‍ച്ചയില്‍ പങ്കാളികളായിട്ടുള്ള യുവാക്കളെ വടക്ക‍ഞ്ചേരി പൊലീസ് പിടികൂടിയത്. ആക്രമണവും, കവര്‍ച്ചാദൃശ്യങ്ങളും സമീപത്തെ സിസിടിവിയില്‍ പതിഞ്ഞത് അന്വേഷണത്തിന് സഹായമായി. ഭക്ഷണം കഴിക്കുന്നതിനായി ദേശീയപാതയോരത്ത് കൂടി നടന്നു പോവുന്നതിനിടെയായിരുന്നു ബാലനെ യുവാക്കള്‍ പിന്തുടര്‍ന്നത്. തടഞ്ഞ് നിര്‍ത്തി പണം ആവശ്യപ്പെട്ടു. പ്രതിരോധിക്കാന്‍ ശ്രമിച്ച ബാലനെ യുവാക്കള്‍ മര്‍ദിച്ചു. മൊബൈല്‍ ഫോണും കൈയ്യിലുണ്ടായിരുന്ന പണവും കവര്‍ന്ന് രക്ഷപ്പെട്ടു.

പിന്നാലെ ബാലന്‍ വടക്കഞ്ചേരി പൊലീസില്‍ പരാതി നല്‍കി.പൊലീസിന്റെ അന്വേഷണത്തില്‍ ആക്രമണത്തിന്റെയും, കവര്‍ച്ചയുടെയും സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. ബാലനെ ആക്രമിച്ച് പണവും, മൊബൈലും കവര്‍ന്ന യുവാക്കളെ മണിക്കൂറുകള്‍ക്കുള്ളില്‍ വടക്കഞ്ചേരി എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. പിടിയിലായവര്‍ നേരത്തെയും സമാന കേസുകളില്‍ ഉള്‍പ്പെട്ടവരെന്നാണ് വിവരം. വടക്കഞ്ചേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അടുത്തിടെയുണ്ടായ കവര്‍ച്ചയില്‍ ഇവരുടെ പങ്കാളിത്തവും പൊലീസ് പരിശോധിക്കുന്നുണ്ട്.