വനംവകുപ്പ് ചോദ്യം ചെയ്ത് വിട്ടയച്ച ഗൃഹനാഥൻ മരിച്ച നിലയിൽ

മംഗലംഡാം : റബർ തോട്ടത്തിൽ ചത്ത നിലയിൽ പുലിയെ കണ്ടെത്തിയതുമായി ബന്ധപ്പെട്ടു വനംവകുപ്പു ചോദ്യം ചെയ്ത ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. ഓടംതോട് കാനാട്ട് വീട്ടിൽ സജീവ് (54) ആണു മരിച്ചത്. ഞായറാഴ്ച രാവിലെ കവളുപാറയിലുള്ള തോട്ടത്തിൽ റബർ ടാപ്പിങ്ങിനു പോയതായിരുന്നു. സാധാരണ ഉച്ചയ്ക്ക് 2 മണിയോടെ തിരിച്ചെത്തുന്ന സജീവിനെ കാണാതായപ്പോൾ വീട്ടുകാർ ഫോൺ ചെയ്തെങ്കിലും എടുക്കാഞ്ഞതിനെത്തുടർന്ന് സഹോദരൻ രാജീവും സുഹൃത്തുക്കളും വൈകിട്ട് നാലരയോടെ കവളുപാറയിലെ തോട്ടത്തിലെത്തിയപ്പോഴാണ് വീടിന്റെ മുൻഭാഗത്തെ തിണ്ണയിൽ സജീവ് കിടക്കുന്നതായി കണ്ടത്. ഉടനെ മംഗലംഡാമിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ആലത്തൂർ താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. സജീവ് മരിക്കാനുണ്ടായ സാഹചര്യത്തിന് ഉത്തരവാദികൾ വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്നു ബന്ധുക്കൾ ആരോപിച്ചു. കഴിഞ്ഞ ഓഗസ്റ്റ് 11ന് ഓടംതോട്ടിലെ റബർ തോട്ടത്തിൽ പുലി ചത്ത സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വ്യാഴാഴ്ച ഡിഎഫ്ഒ അടക്കമുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ സജീവിനെ ചോദ്യം ചെയ്തിരുന്നു. അഞ്ചു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിൽ, പുലി ചത്ത സംഭവം നിങ്ങൾക്കറിയാമെന്നും കുറ്റം സമ്മതിക്കാൻ സമ്മർദം ചെലുത്തിയതായും കേസിൽ കുടുക്കുമെന്നു പറഞ്ഞതായും സജീവ് പലരോടും പറഞ്ഞതായി നാട്ടുകാർ പറയുന്നു. ഇതിനു ശേഷം സജീവ് കടുത്ത മാനസിക സമ്മർദത്തിലായിരുന്നെന്നു വീട്ടുകാരും പറഞ്ഞു.