നെന്മാറ: ആദിവാസികളായ വാച്ചർമാരുടെ എ.ടി.എം. കാർഡുപയോഗിച്ച് അവരറിയാതെ പണം പിൻവലിച്ച സംഭവത്തിൽ ബീറ്റ് ഫോറസ്റ്റോഫീസറെ സസ്പെൻഡുചെയ്തു. നെല്ലിയാമ്പതി റേഞ്ചിലെ പോത്തുണ്ടി സെക്ഷനിലെ ബീറ്റ് ഫോറസ്റ്റോഫീസറായ കെ. പ്രേംനാഥിനെയാണ് പാലക്കാട് ഡി.എഫ്.ഒ. സസ്പെൻഡുചെയ്തത്.
പോത്തുണ്ടി സെക്ഷനിലെ വാച്ചർമാരായ ചെറുനെല്ലി കോളനിയിലെ രമേഷ്, കൽച്ചാടി കോളനിയിലെ കുമാരൻ എന്നിവരുടെ അക്കൗണ്ടിലെ 1,500 രൂപവീതമാണ് നഷ്ടപ്പെട്ടത്. എ.ടി.എം. കാർഡുപയോഗിച്ച് പണം പിൻവലിക്കാൻ അറിയാത്തതിനാൽ ഇവർ വർഷങ്ങളായി സെക്ഷൻ ഓഫീസിലാണ് കാർഡ് സൂക്ഷിച്ചുവെക്കുന്നത്. ശമ്പളം കിട്ടിയാൽ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പണം പിൻവലിക്കുകയാണ് പതിവ്. ഇതറിയാവുന്ന പ്രേംനാഥ് സെപ്റ്റംബർ ആറിന് രണ്ടുകാർഡുകളും ഉപയോഗിച്ച് 1,500 രൂപവീതം പിൻവലിക്കുകയായിരുന്നു.
പിന്നീട് രമേഷും, കുമാരനും പണമെടുക്കാൻ പോയപ്പോഴാണ് തുക നഷ്ടപ്പെട്ടതായി അറിയുന്നത്. പണം നഷ്ടപ്പെട്ടതിനെത്തുടർന്ന് ഇരുവരും നെല്ലിയാമ്പതി റേഞ്ചോഫീസർക്ക് പരാതി നൽകുകയായിരുന്നു. തുടർന്നുനടത്തിയ അന്വേഷണത്തിൽ, തുക പിൻവലിച്ചത് പ്രേംനാഥാണെന്ന് കണ്ടെത്തി. റേഞ്ചോഫീസർ ഡി.എഫ്.ഒ.യ്ക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.

Similar News
വടക്കഞ്ചേരിയില്‍ വിഷു തിരക്ക് മുതലെടുത്ത് മോഷണം; വധുവിൻ്റെ വസ്ത്രങ്ങളങ്ങിയ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ.
കാരപൊറ്റ പട്ടികാളി അയ്യപ്പൻ കാവിൽ ക്ഷേത്രത്തിൽ മോഷണം.
പൊലീസിന് ആശ്വാസം, മൂന്ന് ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ മുത്തപ്പന്റെ വയറ്റില്‍ നിന്ന് തൊണ്ടിമുതല്‍ പുറത്തെത്തി.