മംഗലംഡാം-മുടപ്പല്ലൂർ റോഡിൽ അപകടകെണിയുമായി മരങ്ങൾ.

മംഗലംഡാം: റോഡരികിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റണമെന്ന ആവശ്യം ശക്തമായി. മംഗലംഡാം-മുടപ്പല്ലൂർ റോഡിൽ വടക്കേകളും മുതൽ ചിറ്റടി വരെയുള്ള ഭാഗത്ത് പത്തിലധികം മരങ്ങൾ അപകടാവസ്ഥയിലുണ്ട്. ചിലത് ഉണങ്ങി ദ്രവിച്ച നിലയിലുമാണ്. ഇങ്ങനെ മരങ്ങൾക്കടിയിലൂടെ വൈദ്യുതി ലൈനും പോകുന്നുണ്ട്. ശക്തമായ കാറ്റും, മഴയുമുള്ള സമയത്ത് ഈ റോഡിലൂടെയുള്ള യാത്ര സുരക്ഷിതമല്ലാത്ത അവസ്ഥയാണ്.

ബന്ധപ്പെട്ട അധികാരികളെ കണ്ട് അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ടെങ്കിലും നടപടി ആയിട്ടില്ലെന്ന് വാർഡ് മെമ്പർ ഡിനോയ് കോമ്പാറ പറഞ്ഞു. ആവശ്യമായി നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും മെമ്പർ ആവശ്യപ്പെട്ടു.