നെന്മാറ: സംസ്ഥാനപാതയില്‍ പൊതുമരാമത്ത് സ്ഥാപിച്ച ദിശ സൂചികകള്‍ മറച്ച് വഴിയരികില്‍ വ്യാപാരസ്ഥാപനങ്ങള്‍ കെട്ടിപ്പൊക്കുന്നു. മംഗലം-ഗോവിന്ദാപുരം സംസ്ഥാന പാതയില്‍ നെന്മാറയിലെ വല്ലങ്ങി ബൈപ്പാസ് ആരംഭിക്കുന്ന കേരള വാട്ടര്‍ അഥോറിറ്റി ഓഫീസിന് എതിര്‍വശത്തുള്ള സ്ഥലത്താണ് ദിശ ബോര്‍ഡ് മറച്ച് വ്യാപാര സ്ഥാപനം ഉണ്ടാക്കിയിരിക്കുന്നത്.
രാത്രിയിലും വെളിച്ചത്തില്‍ തിളങ്ങുന്ന ദിശാസൂചികയാണ് ഇതുമൂലം മറഞ്ഞു പോയത്. പൊള്ളാച്ചി, പഴനി, കൊല്ലങ്കോട്, ചിറ്റൂര്‍, ഗോവിന്ദാപുരം തുടങ്ങി ദൂര ദിക്കുകളിലേയ്ക്ക് പോകുന്ന അന്തര്‍ സംസ്ഥാന പാതയില്‍ വല്ലങ്ങി ടൗണിലേക്കുള്ള റോഡും ബൈപ്പാസ് റോഡും ആരംഭിക്കുന്ന ജംഗ്ഷനിലെ ദിശ സൂചികയാണ് മറഞ്ഞു കിടക്കുന്നത്.
ഇതുമൂലം നിരവധി വാഹനങ്ങള്‍ തൊട്ടുമുന്നിലെ വീതി കൂടിയ റോഡിലേയ്ക്ക് വഴിതെറ്റി രാപ്പകല്‍ ഭേദമന്യേ വല്ലങ്ങി ടൗണില്‍ കയറി കുടുങ്ങി യാത്ര ചെയ്യേണ്ടി വരുന്നു. തമിഴ്നാട്ടിലേയ്ക്ക് പോകുന്ന റോഡ് ആയതിനാല്‍ ഇത്തരത്തില്‍ വഴിതെറ്റി പോകുന്ന സ്ഥലങ്ങളിലെ ബോര്‍ഡുകള്‍ മറച്ച് വ്യാപാരം നടത്തുന്നത് സ്ഥാപനത്തെ നിയന്ത്രിക്കുന്നതിനോ ദീര്‍ഘദൂര യാത്രക്കാരുടെ വിലപ്പെട്ട സമയവും ഇന്ധനവും കളയുന്ന സാഹചര്യം ഒഴിവാക്കാൻ പോലീസ്, പൊതുമരാമത്ത്, മോട്ടോര്‍ വാഹന വകുപ്പ് എന്നിവര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നിരവധി യാത്രക്കാര്‍ പരാതിപ്പെടുന്നു.
പലരും വഴിതെറ്റി വല്ലങ്ങി ടൗണില്‍ എത്തി വ്യാപാരികളോടും വഴിയില്‍ കാണുന്നവരോടും ചോദിച്ച ശേഷമാണ് പൊള്ളാച്ചി പഴനി റൂട്ട് കണ്ടുപിടിക്കുന്നത്. ഇത്തരത്തില്‍ വാഹനങ്ങള്‍ തെറ്റായി വല്ലങ്ങി ടൗണില്‍ എത്തുന്നത് ഗതാഗത കുരുക്കിനും വഴിവെക്കുന്നു.
കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേയ്ക്ക് പോകുന്ന യാത്രക്കാരും തമിഴ്നാട്ടില്‍ നിന്ന് ഗുരുവായൂര്‍, തൃശ്ശൂര്‍, നെല്ലിയാമ്പതി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങിപ്പോകുന്ന യാത്ര വാഹനങ്ങളാണ് സ്ഥിരമായി ദിശാബോര്‍ഡ് മറഞ്ഞിരിക്കുന്നതിനാല്‍ ബുദ്ധിമുട്ടിലാകുന്നത്.

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.