മംഗലംഡാം: തെന്മല നാടിന് മനോഹരകാഴ്ചയൊരുക്കി ആലിങ്കല്‍ വെള്ളച്ചാട്ടം. അലകളും നുരയും തീര്‍ത്ത് പായുമ്പോള്‍ കടപ്പാറയിലേയ്ക്ക് സഞ്ചാരികളുടെ ഒഴുക്കും കൂടുന്നു. പോത്തൻതോട്ടിലൂടെ ഒഴുകിയെത്തുന്ന ജലവും, ആലിങ്കല്‍ വെള്ളച്ചാട്ടവും തിപ്പിലിക്കയത്ത് ഒന്നിച്ച് ചേര്‍ന്ന് മംഗലംഡാമിലേയ്ക്ക് ഒഴുകിയെത്തുന്ന കാഴ്ച ഹൃദ്യമാണ്.
പാറക്കെട്ടുകളും, അടര്‍ന്നുവീണ ചെറുകല്ലുകളും നിറഞ്ഞുകിടക്കുന്ന പോത്തൻതോട് കടന്ന് ഒരു കുന്നുകയറിയാലാണ് ആലിങ്കല്‍ വെള്ളച്ചാട്ടം ദൃശ്യമാവുക. 150 അടി ഉയരത്തില്‍ നിന്നും വെള്ളം പാറക്കെട്ടുകളിലേയ്ക്ക് ഇടതടവില്ലാതെ പതിക്കുമ്പോഴുള്ള ശബ്ദവും, കാനന സൗന്ദര്യത്തിന്റെ മനോഹരമായ പ്രകൃതിയുടെ കാഴ്ചകളും സമന്വയിക്കുന്നത് വിനോദസഞ്ചാരികള്‍ക്ക് മറക്കാനാവാത്ത വിരുന്നായി മാറുന്നു.
സാഹസിക ടൂറിസം ആഗ്രഹിക്കുന്നവര്‍ ആലിങ്കല്‍ വെള്ളച്ചാട്ടത്തിന്റെ പാറക്കെട്ടുകളില്‍ കയറിയിറങ്ങുന്നത് സാധാരണമാണ്. മംഗലംഡാം ടൗണില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയാണ് ആലിങ്കല്‍ വെള്ളച്ചാട്ടം. ടൂറിസം ഭൂപടത്തില്‍ ഇടംപിടിച്ച മംഗലംഡാമിന്റെ വികസനപദ്ധതിയില്‍ ആലിങ്കല്‍ വെള്ളച്ചാട്ടവും ഉള്‍പ്പെടുത്തിയാല്‍ അത് നേട്ടമാവും. കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് ഇവിടേയ്ക്കുള്ള റോഡിന്റെ വീതി കൂട്ടുകയും പോത്തൻതോട് പാലത്തിന് സമീപമായി വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സംവിധാനം ഒരുക്കുകയും ചെയ്യണം.
ആലിങ്കല്‍ വെള്ളച്ചാട്ടം സന്ദര്‍ശിക്കുന്ന സഞ്ചാരികളുടെ സുരക്ഷ സംബന്ധിച്ച് യാതൊരു മാനദണ്ഡവും നിലവിലില്ല. ദൂരസ്ഥലങ്ങളില്‍ നിന്നുള്ളവര്‍ പോലും ഇപ്പോള്‍ ആലിങ്കല്‍ വെള്ളച്ചാട്ടം കാണുന്നതിന് വരുന്നുണ്ട്. രണ്ടുവര്‍ഷം മുമ്പ് ഗ്രാമീണ മേഖലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ജനപ്രിയമാക്കുന്നതിന്റെ ഭാഗമായി ടൂറിസം വകുപ്പ് മംഗലംഡാമിലും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. എന്നാല്‍ ടൂറിസം മേഖലയെ പരിപോഷിപ്പിക്കുന്നതിന് കൃത്യമായ പദ്ധതികളും പ്രവര്‍ത്തനങ്ങളും ഇല്ല എന്നുള്ള പരാതിയും ഉയരുന്നു.

Similar News
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.