ദേശീയപാത നിർമ്മാണത്തിനെന്ന പേരിൽ വ്യാപകമായി മണ്ണും, കല്ലും കടത്തുന്നു.

വടക്കഞ്ചേരി: മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപ്പാത നിർമാണത്തിനെന്ന പേരിൽ വടക്കഞ്ചേരി, തേനിടുക്ക്, പന്നിയങ്കര, ചുവട്ടു പാടം, ശങ്കരംകണ്ണൻ തോട് മേഖലകളിൽ നിന്നും വ്യാപകമായി മണ്ണും, കല്ലും കടത്തുന്നതായി പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ 2 മണ്ണുമാന്തി യന്ത്രങ്ങൾ പിടികൂടി.

വടക്കഞ്ചേരി1 വില്ലേജ് പരിധി യിലെ ചുവട്ടുപാടം ശങ്കര കണ്ണം തോട്ടിൽ നിന്നാണ് വാഹനങ്ങൾ പിടികൂടിയത്. വടക്കഞ്ചേരി1 വില്ലേജ് ഓഫിസർ ടി.എസ്.ശ്രീകല, വില്ലേജ് അസിസ്റ്റന്റ് അഖിൽ കുമാർ, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ജിഷ എന്നിവരുടെ നേതൃത്വത്തിലാണ് ദേശീയപാതയോടു ചേർന്ന് അനധികൃതമായി കരിങ്കല്ല് പൊട്ടിക്കലും, മണ്ണു കടത്തലുമുണ്ടെന്ന പരാതിയിലാണു പരിശോധന നടത്തിയത്.

ആറുവരി പാതയിൽ വഴുക്കുംപാറയിൽ മാത്രമാണ് ഇപ്പോൾ നിർമ്മാണം നടക്കുന്നത്. എന്നാൽ NHAI WORK എന്ന ബോർഡ് വെച്ച് കുന്നിടിച്ച് നിരുത്തി അയൽ ജില്ലകളിലേക്ക് വൻതോതിൽ മണ്ണും, കല്ലും കടത്തുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. ജിയോളജിക്കൽ വകുപ്പിന്റെ അനുമതിയോടെ ദേശീയപാതയ്ക്കായി മണ്ണുകൊണ്ട് പോകുന്നതിന്റെ പാസ് ഉപയോഗപ്പെടുത്തിയാണ് അനധികൃത കടത്തു നടത്തുന്നത്.

ദേശീയപാതയുടെ വികസനത്തിന് വിനിയോഗിക്കാൻ ജില്ലാ ജിയോളജിക്കൽ അധികൃതരുടെ അനുമതിയോടെ തേനിടുക്കിൽ രണ്ടു കുന്നുകൾ ഇടിച്ചു മണ്ണ് എടുത്തിരുന്നു. ശങ്കരംകണ്ണൻ തോട്ടിലും വൻതോതിൽ കുന്നിടിച്ച് നിരത്തി. ദേശീയപാത നിർമ്മാണം പൂർത്തിയായതോടെ ഇപ്പോൾ നിയമങ്ങൾ പാലിക്കാതെയാണ് രാത്രിയുടെ മറവിൽ കല്ലും മണ്ണും കടത്തുന്നത്.

അനുമതിയില്ലാതെ മണ്ണ് കടുത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും വില്ലേജ് അധികൃതർ അറിയിച്ചു. കൃത്യമായ രേഖകൾ ഇല്ലാതെ മണ്ണ് കടത്തുന്നത് അവസാനിപ്പിക്കാൻ പോലീസും, റവന്യൂ വകുപ്പും പരിശോധന ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.