നെന്മാറയിൽ അപകടക്കെണിയൊരുക്കി തകർന്നു വീഴാറായി നിൽക്കുന്ന കെട്ടിടത്തിന്റെ ഭിത്തി പൊളിക്കണമെന്ന ആവശ്യം ശക്തം.

നെന്മാറ: തിരക്കുള്ള നെന്മാറമൊക്ക് ജംഗ്ഷനിലാണ് സ്വകാര്യ വ്യക്തിയുടെ വ്യാപാര സ്ഥാപനത്തിന്റെ ഭാഗമായ അപകടക്കെണിയൊരുക്കി തകർന്നു വീഴാറായ കെട്ടിടത്തിന്റെ ഭിത്തിയുള്ളത്. വ്യാപാര സ്ഥാപനത്തിന്റെ ഭാഗമായ ചുറ്റുമതിൽ സ്ഥാപനം പൂട്ടിയിട്ടും അറ്റക്കുറ്റപ്പണികൾ ഒന്നും ചെയ്യാതെ അപകടാവസ്ഥയിൽ നിലകൊള്ളുകയാണ്.

വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി കാൽനട യാത്രക്കാർ ഇതിലെ സഞ്ചരിക്കുന്നുണ്ട്. അതുകൂടാതെ ഒരുപാടു പേർ ബസ് കാത്തുനിൽക്കുന്ന കേന്ദ്രം കൂടിയാണിത്. ബലക്ഷയം വന്ന ഈ കെട്ടിടം ഉദ്യോഗസ്ഥർക്ക് അറിവുള്ളതാണ്. ചുറ്റുമതിൽ തകർന്ന് കഴിഞ്ഞ ദിവസം കൊല്ലങ്കോട് മുതലമടയിൽ ഒന്നര വയസ്സുള്ള കുട്ടി മരിച്ചിരുന്നു.

പഞ്ചായത്തും, റവന്യൂ ഉദ്യോഗസ്ഥരും ബലക്ഷയം വന്ന കെട്ടിടങ്ങളും, നിർമ്മിതികളും പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്താത്തത് കൊണ്ടാണ് ഇതുപോലെ അപകടം ഉണ്ടാക്കുന്ന തരത്തിലുള്ള കെട്ടിടങ്ങൾ നിലനിൽക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു.

കെട്ടിടത്തിന്റെ അപകടസ്ഥിതി ഈ മേഖലയിലെ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക്‌ പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവയിലെ അംഗങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് സമീപവാസികൾ പറഞ്ഞു. വലിയൊരു അപകടം വരുന്നതിന് മുമ്പ് ഈ കെട്ടിടത്തിന്റെ ഭാഗം പൊളിച്ചു മാറ്റണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.