ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടു കത്തിനശിച്ചു.

പല്ലശ്ശന: വീട്ടിനകത്തു വച്ചിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു ഓലമേഞ്ഞ വീട് പൂർണമായും കത്തി നശിച്ചു. എലവഞ്ചേരി കരിങ്കുളത്തിനടുത്തു പല്ലശ്ശന പഞ്ചായത്തിലെ തോട്ടുകുളമ്പ് ഏറാട്ടെ മുകുന്ദന്റെ വീട്ടിനകത്തു വച്ചിരുന്ന ഗ്യാസ് സിലിണ്ടറുകളിലൊന്നാണ് ഇന്നലെ ഉച്ചയ്ക്കു രണ്ടു മണിയോടെ പൊട്ടിത്തെറിച്ചത്.

വീട്ടിനകത്തു 2 ഗ്യാസ് സിലിണ്ടർ ഉണ്ടായിരുന്നു. അതിൽ പ്രധാന ഗ്യാസ് സിലിണ്ടറാണു പൊട്ടിത്തെറിച്ചത്. രണ്ടാമത്തെ സിലിണ്ടറിൽ കുറച്ചു ഗ്യാസ് ഉണ്ടായിരുന്നെങ്കിലും അഗ്നിരക്ഷാ സേന എത്തി സിലിണ്ടർ തണുപ്പിച്ചതിനെ തുടർന്ന് അപകടം ഒഴിവായി.

ഓലമേഞ്ഞു സിമന്റ് തൂണുകൾ കൊണ്ടു നിർമിച്ചിട്ടുള്ള വീടിന്റെ എല്ലാ ഭാഗത്തും തീ പടർന്നതിനെ തുടർന്നു വീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ, റേഷൻകാർഡ്, തിരിച്ചറിയൽ രേഖകൾ എന്നിവയെല്ലാം കത്തി നശിച്ചു. ഇരുപതിനായിരം രൂപയിലധികം നഷ്ടമുണ്ടായതായാണു പ്രാഥമിക വിലയിരുത്തലെന്നു അഗ്നിരക്ഷാസേന അധികൃതർ പറഞ്ഞു.

തീ പടർന്നതു വിവരം അറിഞ്ഞു കൊല്ലങ്കോട്ട് നിന്നുള്ള അഗ്നിരക്ഷാ സേന എത്തുമ്പോഴെയ്ക്കും ഏഴുപതു ശതമാനത്തിലധികം കത്തി നശിച്ച നിലയിലായിരുന്നു. അസി. സ്റ്റേഷൻ ഓഫിസർ കെ.രമേഷിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങൾ അര മണിക്കൂറോളം നേരം വെള്ളം തളിച്ചു തീ അണയ്ക്കുന്ന പ്രവർത്തനങ്ങൾ നടത്തി. ഇതിനൊപ്പം തന്നെ രണ്ടാമത്തെ ഗ്യാസ് സിലിണ്ടർ ചൂടു പിടിച്ചിരുന്നതു തണുപ്പിച്ചു കൂടുതൽ അപകടം ഉണ്ടാകുന്നത് ഒഴിവാക്കി. സിലിണ്ടർ പൊട്ടിത്തെറിച്ചു തീ പടരുന്ന സമയത്തു വീട്ടിനകത്ത് ആളില്ലാത്തതിനാൽ വലിയ അപകടം ഒഴിവായി.