5 കോടിയുടെ തിമിംഗല ഛര്‍ദില്‍ വേട്ട; പാലക്കാട് സ്വദേശികളായ 2 യുവാക്കള്‍ പിടിയില്‍.

പാലക്കാട്‌: കൊച്ചിയിൽ 8.7 കിലോ ആംബര്‍ഗ്രിസുമായി (തിമിംഗല വിസര്‍ജ്യം) 2 യുവാക്കള്‍ പിടിയില്‍. പാലക്കാട് സ്വദേശികളായ കെ എന്‍ വൈശാഖ്, എന്‍ രാഹുല്‍ എന്നിവരാണ് കറുകപ്പിള്ളിയിലെ ഹോട്ടലില്‍ ഡിആര്‍ഐയുടെ പിടിയിലായത്. പിടിച്ചെടുത്ത ആംബര്‍ഗ്രിസിന് വിപണിയില്‍ അഞ്ചുകോടി രൂപ മൂല്യം വരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

പാലക്കാട്ടു നിന്ന് ഇരുവരും ഇരുചക്രവാഹനത്തില്‍ കൊച്ചിയിലെത്തി കറുകപ്പിള്ളിയില്‍ മുറിയെടുത്തു. തിരിച്ചറിയല്‍ കാര്‍ഡില്ലാത്തതിനാല്‍ ഇരുവര്‍ക്കും മുറി അനുവദിച്ചില്ല. തിരിച്ചിറങ്ങാന്‍ തുടങ്ങുമ്പോഴാണ്, രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഇവിടെയെത്തിയ അന്വേഷകസംഘം ഇവരെ കസ്റ്റഡിയിലെടുത്തത്.

ബാഗില്‍ സൂക്ഷിച്ചനിലയിലായിരുന്നു ആംബര്‍ഗ്രിസ്. ചാവക്കാട്ടുനിന്നാണ് ഇത് ലഭിച്ചതെന്ന് ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തി. വില്‍ക്കാനായാണ് കൊച്ചിയില്‍ എത്തിച്ചത്. ഇടപാടുകാരന്‍ ഹോട്ടലില്‍ എത്തുമെന്ന് അറിയിച്ചിരുന്നു. ‘വിക്രം’ എന്നാണ് അയാളുടെ പേരെന്നും കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും പ്രതികള്‍ പറഞ്ഞു. പ്രതികളുടെ മൊബൈല്‍ഫോണില്‍ നിന്ന് അന്വേഷക സംഘത്തിന് ഇടപാടുകാരന്റെ നമ്പര്‍ ലഭിച്ചു. വിളിച്ചപ്പോള്‍ സ്വിച്ച് ഓഫായിരുന്നു. കേസ് വനംവകുപ്പിന്റെ പെരുമ്പാവൂര്‍ ഫ്‌ലൈയിങ് സ്‌ക്വാഡിന് കൈമാറി.

ചാവക്കാട്ടുള്ള വനിതാ സുഹൃത്തില്‍ നിന്നാണ് ആംബര്‍ഗ്രിസ് ലഭിച്ചതെന്ന് പ്രാഥമിക ചോദ്യംചെയ്യലില്‍ ഇരുവരും പറഞ്ഞു. സുഹൃത്തിന്റെ അപ്പൂപ്പന്‍ മത്സ്യത്തൊഴിലാളിയാണ്. ഇയാള്‍ക്ക് ലഭിച്ച ആംബര്‍ഗ്രിസ് കുറെ നാളുകളായി വീട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ആംബര്‍ഗ്രിസാണെന്ന് അറിയില്ലായിരുന്നു. അടുത്തിടെയാണ് ഇക്കാര്യം മനസ്സിലായതെന്നും തുടര്‍ന്ന് വില്‍ക്കാനായി വനിതാ സുഹൃത്ത് ഏല്‍പ്പിച്ചതാണെന്നും ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യം പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല. പ്രതികളെ വിശദമായി ചോദ്യം ചെയ്യും.