മംഗലംഡാം: കടപ്പാറ ആലിങ്കൽ വെള്ളച്ചാട്ടം കാണാനെത്തുന്ന സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തി വനം വകുപ്പ് സ്ഥാപിച്ച വേലി തകർത്ത നിലയിൽ. വെള്ളച്ചാട്ടം കാണാൻ സഞ്ചാരികൾ കൂടുതലായി വരാൻ തുടങ്ങിയതോടെ മേഖലയിലുണ്ടാകുന്ന സാമൂഹിക പ്രശ്നങ്ങളും സുരക്ഷയും കണക്കിലെടുത്താണ് വനം വകുപ്പ് പൊലീസും പഞ്ചായത്തുമായി കൂടിയാലോചിച്ച് വിലക്ക് ഏർപ്പെടുത്തി വേലി സ്ഥാപിച്ചത്. വനം വകുപ്പ് സ്ഥാപിച്ച വേലി ഭേദിച്ച് തോട് കടന്നാലും സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു കൂടെ വേണം വെള്ളച്ചാട്ടത്തിനടുത്തെത്താൻ.
വനം വകുപ്പ് സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയതോടെ സ്ഥലമുടമയും വഴി അടച്ചു. മതിയായ സുരക്ഷാ സൗകര്യങ്ങളൊരുക്കാതെ സ്ഥല പരിചയമില്ലാത്ത ആളുകൾ കൂടുതലായി വെള്ളച്ചാട്ടം കാണാനെത്തുന്നത് സുരക്ഷിതമല്ലെന്നാണ് വനം വകുപ്പ് പറയുന്നത്. ദുർഘടമായ വഴികളും വന്യമൃഗങ്ങളുമുള്ള സ്ഥലമാണ്. കൂടാതെ സമീപത്ത് തന്നെയുള്ള പട്ടിക വർഗ്ഗ കോളനിവാസികൾക്കും സഞ്ചാരികൾ കൂടുതലായി എത്തുന്നത് പല ബുദ്ധിമുട്ടുകളുണ്ടാക്കുന്നുണ്ടെന്നും വനം അധികൃതർ പറഞ്ഞു.

Similar News
അപകടഭീഷണിയായി കൂറ്റൻ ആല്‍മരം.
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം