കുന്നിടിച്ച്‌ നിലം നികത്താനുള്ള ശ്രമം വില്ലേജ് അധികൃതര്‍ തടഞ്ഞു.

വടക്കഞ്ചേരി: കണ്ണംകുളം ആനക്കുഴിപാടത്ത് കുന്നിടിച്ച്‌ നിലം നികത്താനുള്ള ശ്രമം വില്ലേജ് അധികൃതര്‍ തത്സമയം ഇടപെട്ട് തടഞ്ഞു.

കുന്നിടിക്കാൻ ഉപയോഗിച്ചിരുന്ന ജെസിബി കസ്റ്റഡിയിലെടുത്ത് വടക്കഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഉടമക്ക് സ്റ്റോപ്പ് മെമ്മോ കൊടുത്തതായും വടക്കഞ്ചേരി ഒന്ന് വില്ലേജ് ഓഫീസര്‍ ടി.എസ്. ശ്രീകല പറഞ്ഞു. തണ്ണീര്‍തട നിയമപ്രകാരമാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്.

നിയമലംഘനം സംബന്ധിച്ച്‌ താലൂക്ക് ഓഫീസിലേക്ക് റിപ്പോര്‍ട്ട് നല്‍കും. തുടര്‍ നടപടികള്‍ക്കായി താലൂക്ക് ഓഫീസില്‍ നിന്നും ആര്‍ഡിഒ ക്കും റിപ്പോര്‍ട്ട് കൈമാറും. വില്ലേജ് ഓഫീസര്‍ക്കു പുറമെ സ്പെഷല്‍ വില്ലേജ് ഓഫീസര്‍ എസ്.ഗ്രീഷ്മ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികള്‍.